ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിംഗ് എ ജേർണി ഓഫ് ലവിന് വായനക്കാരുടെ ഇടയിൽ വൻ വരവേൽപ്പ്. പുറത്തിറങ്ങി വെറും 24 മണിക്കൂറിനുള്ളിൽ ആമസോൺ ഇന്ത്യയുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ പുസ്തകം ഒന്നാം സ്ഥാനത്തെത്തി. ഹാർപ്പർ കോളിൻസ് ഇന്ത്യ കഴിഞ്ഞ 10ന് പുറത്തിറക്കിയ പുസ്തകം ജീവചരിത്രം, ആത്മകഥ വിഭാഗങ്ങളിലും പൊതുപുസ്തക വിഭാഗത്തിലും ഒന്നാമതെത്തിയെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ പ്രമുഖ പുസ്തകശാലകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൊതുവേദികളിൽ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാത്ത സോണിയ ഗാന്ധി ജീവിതത്തിലെ നിർണായകമായ വ്യക്തിപരവും രാഷ്ട്രീയവുമായ അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. ഇറ്റലിയിലെ ബാല്യകാലം മുതൽ രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും വരെയുള്ള ജീവിതയാത്ര പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് മുമ്പും ചില വിവാദങ്ങൾ ഉയർന്നിരുന്നു.
ആദ്യം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കാനിരുന്ന പുസ്തകം ചില തിരുത്തലുകളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഹാർപ്പർ കോളിൻസ് ഏറ്റെടുക്കുകയായിരുന്നു. പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ രാഷ്ട്രീയ വിമർശനങ്ങളും ഉയർന്നിരുന്നു. അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള ചരിത്രപരമായ സംഭവങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് പുസ്തകമെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ഇത് രാഷ്ട്രീയ പുസ്തകമല്ലെന്നും തന്റെ കുടുംബാംഗങ്ങളുടെ ജീവിതവും അനുഭവങ്ങളും പങ്കുവെക്കുന്ന വ്യക്തിപരമായ ഓർമ്മക്കുറിപ്പാണെന്നുമാണ് സോണിയ ഗാന്ധിയുടെ നിലപാട്.