റിയാദ്: ഗൾഫിലെ അമേരിക്കൻ നയതന്ത്രജ്ഞരെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. സൗദിയിലെ ചില നയതന്ത്ര ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ നിർദേശം നൽകിക്കഴിഞ്ഞു. മറ്റു ചില ഗൾഫ് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും രാജ്യംവിടാൻ ഉടൻ നിർദേശിക്കും.
ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം.
അടിയന്തര പ്രാധാന്യമില്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും സൗദി വിടാൻ നിർദേശം നല്കിയതായി അമേരിക്കൻ വിദേശകാര്യവകുപ്പ് സ്ഥിരീകരിച്ചു. ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികൾ സൗദിയിൽ നടത്തുന്ന ആക്രമണങ്ങളാണ് ഇതിനു കാരണമെന്നും കൂട്ടിച്ചേർത്തു.
അതേസമയം ഇതര ഗൾഫ് രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ വിദേശകാര്യവകുപ്പ് പരാമർശിച്ചില്ല. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം ആയിക്കഴിഞ്ഞതായി അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹൂതി ആക്രമണത്തിനു പുറമേ, ഇറാനിൽ അമേരിക്കൻ സൈനിക നടപടി പുനരാരംഭിക്കുന്നതിനു മുന്നോടിയായിട്ടാകാം ഈ നീക്കമെന്നും സൂചനയുണ്ട്. നവംബർ മൂന്നിന് അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇറാനിൽ ആക്രമണമുണ്ടായേക്കുമെന്നു പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചിട്ടുള്ളതാണ്.
ഇതിനിടെ, ബുധനാഴ്ച സൗദിയിലെ ദമാം വിമാനത്താവളവും അരാംകോ എണ്ണ കന്പനിയുടെ ഷൈബയിലെ ആസ്ഥാനവും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം കൊല്ലപ്പെട്ടു. വീണ്ടും ആക്രമണമുണ്ടാകുമെന്നാണ് റിയാദിലെ അമേരിക്കൻ എംബസി മുന്നറിയിപ്പു നല്കിയത്. എംബസിയും അവിടെ പ്രവർത്തിച്ചിരുന്ന അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ആസ്ഥാനവും മാർച്ചിൽ ഇറാന്റെ ആക്രമണം നേരിട്ടിരുന്നു.