ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: നൈപുണ്യമുള്ള വിദേശ തൊഴിലാളികളെ രാജ്യത്തേക്കു കൊണ്ടുവന്ന് അമേരിക്കൻ തൊഴിലാളികളെ പരിശീലിപ്പിക്കുകയും പിന്നീട് ഇവരെ സ്വന്തം രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ്.
എച്ച് 1ബി വീസ പദ്ധതിയെ ട്രംപ് അനുകൂലിച്ചതിന്റെ പിറ്റേന്നാണ് പരാമർശം. “നൈപുണ്യമുള്ള വിദേശ തൊളിലാളികളെ ഇവിടെയെത്തിക്കുകയെന്നതാണ് നമ്മുടെ പ്രസിഡന്റ് വിഭാവനം ചെയ്യുന്നത്. മൂന്നോ അഞ്ചോ ഏഴോ വർഷമെടുത്ത് അവർ അമേരിക്കക്കാരെ പരിശീലിപ്പിക്കട്ടെ..എന്നിട്ട് തിരികെ പോകട്ടെ. അമേരിക്കക്കാർ പിന്നീട് എല്ലാം ഏറ്റെടുക്കട്ടെ’’ -ബെസന്റ് പറഞ്ഞു.
അമേരിക്കയ്ക്ക് ചില കഴിവുകൾ ഇല്ലാത്തതിനാൽ പുറത്തുനിന്നു കഴിവുകളെത്തിക്കണമെന്നു ട്രംപ് പറഞ്ഞിരുന്നു. 20-30 വർഷങ്ങളായി കൃത്യത ആവശ്യമായ നിർമാണ ജോലികൾക്ക് പുറംകരാർ നൽകുകയായിരുന്നു യുഎസ് ചെയ്തിരുന്നത്.
കപ്പലുകളോ സെമികണ്ടക്ടറുകളോ ഒറ്റ രാത്രി കൊണ്ട് നമ്മുടെ ആളുകൾക്ക് നിർമിക്കാനാകില്ല. ഇതാണു ട്രംപ് സൂചിപ്പിച്ചതെന്നും ബസന്റ് വ്യക്തമാക്കി. ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ്, യുഎസിലേക്ക് പുറത്തുനിന്നു കഴിവുകളെത്തിക്കണമെന്ന് ട്രംപ് പറഞ്ഞത്.