വാഷിംഗ്ടൺ ഡിസി: യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അഞ്ച് ഇന്ത്യൻ വംശജർ. അമി ബേറ, സുഹാസ് സുബ്രഹ്മണ്യം, റോ ഖന്ന, പ്രമീള ജയപാൽ, പിയ ദാൻഡിയ എന്നിവരാണ് ജനപ്രതിനിധിസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജർ. ഇവരെല്ലാം ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികളാണെന്നതാണു സവിശേഷത. ഡെമോക്രാറ്റ് പ്രതിനിധിയായി അരുൺ മില്ലർ മേരിലാൻഡ് ലഫ്. ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു.
അമരീഷ് ബാബുലാൽ അമി ബേറ (61) എട്ടാം തവണയാണ് ജനപ്രതിനിധി സഭാംഗമാകുന്നത്. കലിഫോർണിയയിൽനിന്നാണു വിജയിച്ചത്. ഫിസിഷ്യനായിരുന്ന അമി ബേറ 2012ലാണ് ആദ്യമായി വിജയിച്ചത്. ഇത്തവണ റിപ്പബ്ലിക്കൻ സ്ഥാനാർഥി റോബ് ടക്കറിനെ പരാജയപ്പെടുത്തി. ഗുജറാത്തി കുടിയേറ്റക്കാരുടെ മകനായ ബേറ ലോസ് ആഞ്ചലസിലാണു ജനിച്ചത്. രാഷ്ട്രീയപ്രവേശനത്തിനു മുന്പ് സാക്രമെന്റോ കൗണ്ടിയിൽ ചീഫ് മെഡിക്കൽ ഓഫീസറായി ബേറ പ്രവർത്തിച്ചിട്ടുണ്ട്.
സുഹാസ് സുബ്രഹ്മണ്യം (40) രണ്ടാം തവണയാണ് വിജയിക്കുന്നത്. വെർജീനിയയിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ടെക്സസിൽ ജനിച്ച സുഹാസ് അഭിഭാഷകനും സംരംഭകനും ആണ്. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് വൈറ്റ് ഹൗസിൽ ടെക്നോളജി നയ ഉപദേഷ്ടാവായി പ്രവർത്തിച്ചു.
റോ ഖന്ന (50) കലിഫോർണിയയിൽ സിലിക്കൺ വാലി ഉൾപ്പെടുന്ന പ്രദേശത്തുനിന്നാണു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനായി ഫിലാഡെൽഫിയയിലാണ് ഖന്ന ജനിച്ചത്. ഖന്നയുടെ മുത്തച്ഛൻ അമർനാഥ് വിദ്യാലങ്കർ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് നാലു വർഷം ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. പ്രമീള ജയാപാൽ (61) ചെന്നൈയിലാണു ജനിച്ചത്. വിദ്യാഭ്യാസത്തിനായി പതിനാറാം വയസിൽ അമേരിക്കയിലെത്തി. വാഷിംഗ്ടണിൽനിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്.
2016ലാണ് പ്രമീള ആദ്യമായി ജനപ്രതിനിധി സഭയിലെത്തിയത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ സൗത്ത് ഏഷ്യൻ -അമേരിക്കൻ വനിതയാണ് ഇവർ.
പിയ ദാൻഡിയ ഫ്ലോറിഡയിൽനിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായി പാം ബീച്ച് കൗണ്ടിയിലാണു ജനിച്ചത്. മുന്പ് അധ്യാപികയും സ്കൂൾ പ്രിൻസിപ്പലുമായിരുന്നു. ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. വൈറ്റ് ഹൗസ് ഫെലോ ആയി പ്രവർത്തിച്ചിട്ടുണ്ട്.
അരുണ മില്ലർ (61) മേരിലാൻഡ് ലഫ്. ഗവർണറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രപ്രദേശിൽ ജനിച്ച അരുണ ഏഴാം വയസിൽ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തി. മേരിലാൻഡ് ലഫ്. ഗവർണറാകുന്ന രണ്ടാമത്തെ വനിതയാണ് അരുണ.