രാജപുര: പഞ്ചാബിലെ രാജപുരയ്ക്ക് സമീപം അമൃത്സർ-ബിഹാർ കർമഭൂമി എക്സ്പ്രസ് ട്രെയിനിന്‍റെ നാല് കോച്ചുകൾക്ക് തീപിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഒരു കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. ഈ കോച്ചിൽ നിന്നും തീ മറ്റ് മൂന്ന് കോച്ചുകളിലേക്ക് കൂടി പടരുകയായിരുന്നു. തീപിടിത്തമുണ്ടായ ഉടൻ തന്നെ യാത്രക്കാർ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയും പുറത്തിറങ്ങുകയും ചെയ്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
വിവരമറിഞ്ഞ ഉടൻ റെയിൽവേ അധികൃതരും ലോക്കൽ പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിലവിൽ തീ പൂർണമായും അണച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.