കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തിന് ബദലായി വിഭാവനം ചെയ്തിട്ടുള്ള കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണ പ്രവൃത്തി പുനരാരംഭിക്കുമോ എന്ന ആശങ്കകള്‍ക്കിടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.
2026 ജൂലൈ ഏഴിന് വയനാട് കള്ളാടിയിലെ തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് പണികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. അപകട കാരണങ്ങളും പാരിസ്ഥിതിക ആഘാതങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സമിതിയെ നിയോഗിച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തുരങ്കപാത പദ്ധതിക്ക് തുരങ്കം വയ്ക്കുമോ എന്ന ആശങ്ക പ്രതിപക്ഷമടക്കം പ്രകടിപ്പിച്ചിരുന്നു. തുരങ്കപാത തുടര്‍നിര്‍മ്മാണം സംബന്ധിച്ച ഊഹാപോഹങ്ങള്‍ വ്യാപകമായിരിക്കെയാണ് കഴിഞ്ഞ ദിവസം തിരുവമ്പാടി എംഎല്‍എ സി.കെ. കാസിം നിയമസഭയില്‍ ഈ വിഷയത്തില്‍ സബ്മിഷന് ഉന്നയിച്ചത്.
താന്‍ ആ പദ്ധതിക്ക് എതിരല്ലെന്നാണ് മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ആവശ്യമായ പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നാണ് താന്‍ പറഞ്ഞത്. കാരണം അത് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള മേഖലയാണ്. അവിടുത്തെ മണ്ണ് വളരെ പ്രത്യേകതയുള്ളതാണ്. ശക്തമായ മഴ ഉണ്ടായാല്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും എല്ലാ സാധ്യതയുമുണ്ട്. അത് മുന്‍കൂട്ടി പറഞ്ഞതാണ്. അതോടെ സത്യത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. എല്ലാവരും കൂടി ആക്രമിച്ചു. പാരിസ്ഥിതികാഘാത പഠനം നടത്താതെ നടത്താതെ തുരങ്കപാത സമ്മതിക്കില്ല എന്നാണ് താന്‍ പറഞ്ഞത്-മുഖ്യമന്ത്രി വിശദീകരിച്ചു.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി നടത്തുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ഗവണ്മെന്റിന്റെ ബാധ്യതയാണെന്നും അതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനാണ് സമിതിയെ നിയോഗിച്ചത്. മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍, ചരിവുകളുടെ സ്ഥിരത, ഭൂഗര്‍ഭ ജലത്തിന്റെ സാന്നിധ്യം, മഴയുടെ സ്വാധീനം, നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇവ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം അനിവാര്യമാണ്.
അവിടെ എങ്ങനെയാണ് പണി നടക്കുന്നത് എന്ന് അറിയണ്ടേ? എന്തെങ്കിലും ഒരു സൂപ്പര്‍വൈസിംഗ് ഏജന്‍സിയെങ്കിലും വേണ്ടെ? പിഡബ്ല്യുഡിയെ പോലും അതിന് ചുമതലപ്പെടുത്തിയിട്ടില്ല. ഒരു സൂപ്പര്‍വൈസിംഗ് ഏജന്‍സി ഇല്ല. അവിടെ അവര്‍ക്ക് തോന്നിയതു പോലെ പണി നടക്കുകയാണ്. അത് പറ്റില്ല. അതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കേന്ദ്ര പരിസ്ഥിതി വകുപ്പ് കൊടുത്തിരിക്കുന്ന ആ പരിസ്ഥിതി അനുമതിയില്‍ ചില വ്യവസ്ഥകള്‍ ഉണ്ട്. അതുപ്രകാരം അവിടെ പണി നടക്കണം.
ഈ കമ്മിറ്റി പല പ്രാവശ്യം യോഗം ചേര്‍ന്നു. കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡാണ് പണി ചെയ്യുന്നത്. പരിസ്ഥിതിയുടെ ഭാഗമായി അവരില്‍ നിന്ന് ഒരുപാട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. അത് തരാനുണ്ടായ കാലതാമസമാണ് റിപ്പോര്‍ട്ട് വരാന്‍ താമസിച്ചത്.
പാരിസ്ഥിതികൃക റിപ്പോര്‍ട്ടിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തി ഒരു അപകടസാധ്യതയുമില്ലാതെ തുരങ്കപാത യാഥാര്‍ഥ്യമാക്കാന്‍ പറ്റുമോ എന്നാണ് ഗവണ്മെന്റ് നോക്കുന്നത്. റിപ്പോര്‍ട്ട് കിട്ടിയാലുടനെ ആ കാര്യത്തില്‍ ഒരു തീരുമാനം എടുക്കും-മുഖ്യമന്ത്രി വിശദീകരിച്ചു.