ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. അമർനാഥ് തീർഥയാത്രയുടെ സുരക്ഷയ്ക്കായി വിന്യസിച്ച പോലീസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഹെഡ് കോൺസ്റ്റബിളായ ആഷിഖ് ഹുസൈൻ ഖുറേഷി (35) കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അനന്ത്നാഗ് ടൗണിലെ ലാൽ ചൗകിലായിരുന്നു സംഭവം. വെടിയേറ്റ ആഷിഖ് ഹുസൈനെ ഉടൻ തന്നെ അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ലഷ്കർ-ഇ-ത്വയിബയുടെ പോഷകസംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് സുരക്ഷാസേന പ്രദേശം പൂർണ്ണമായും വളയുകയും അക്രമികളെ കണ്ടെത്താനായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രദേശത്ത് കൂടുതൽ പോലീസിനെയും സുരക്ഷാസേനയേയും വിന്യസിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി അമർനാഥ് തീർഥയാത്ര നിർത്തിവെച്ചിരിക്കുകയാണ്.