ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ (ഐസിഐസി) ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മാധ്യമ - സാമൂഹിക പ്രവർത്തകരായ സിജു വി. ജോർജിനും അനശ്വരം മാമ്പിള്ളിക്കും വിജയം.
18 സ്ഥാനാർഥികൾ മാറ്റുരച്ച തെരഞ്ഞെടുപ്പിൽ നിന്നാണ് 10 അംഗങ്ങളെ പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്തത്. നോൺ-പ്രോഫിറ്റ് സംഘടനയായ ഐസിഐസിയിൽ, 1,000 ഡോളർ നൽകി അംഗത്വമെടുത്ത വോട്ടർമാരാണ് പുതിയ ബോർഡ് അംഗങ്ങളെ നിശ്ചയിച്ചത്.
തെരഞ്ഞെടുപ്പിൽ സിറ്റിംഗ് പ്രസിഡന്റ് 104 വോട്ടുകൾ നേടിയപ്പോൾ, തൊട്ടുപിന്നിലായി 102 വോട്ടുകൾ കരസ്ഥമാക്കിയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (ഐപിസിഎൻടി) പ്രസിഡന്റ് സിജു വി. ജോർജ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
കെഎൽഎസ് പ്രസിഡന്റ്, ഡി മലയാളി സെക്രട്ടറി, ഐപിസിഎൻടി അഡ്വൈസറി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അനശ്വരം മാമ്പിള്ളിയും വിജയം ഡാളസിലെ മലയാളി സമൂഹത്തിന് വലിയ മുതൽക്കൂട്ടാകും.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഈ പത്തംഗ ബോർഡ് യോഗം ചേർന്നായിരിക്കും അടുത്ത പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുക്കുക.
ഐസിഇസി ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിജു വി. ജോർജിനും അനശ്വര മാമ്പിള്ളിക്കും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസും (ഐപിസിഎൻടി), ഡി മലയാളി ഓൺലൈൻ പത്രവും ആശംസകൾ നേർന്നു.