അഞ്ചല്‍: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിധിയിലെ സ്കൂളുകള്‍ക്കായി വിദ്യാവനം എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈലറ്റ് പദ്ധതി എന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട 20 സ്കൂളുകളിലാണ് വിദ്യാവനം എന്ന പേരില്‍ കൃഷി ആരംഭിക്കുന്നത്. ഓരോ സ്കൂളുകളിലും കൃഷിക്ക് ആവശ്യമായ 50 തൈകളും ഗ്രോബാഗുകള്‍ വളം ഉള്‍പ്പടെയുള്ളവ നല്‍കും. സ്കൂളിലെ അധ്യാപകര്‍ പിടിഎ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പരിപാലന മേല്‍നോട്ട ചുമതല. ആവശ്യമായ സഹായം കൃഷി വകുപ്പ് നല്‍കും.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിശദീകരിക്കുന്നതിനുമായി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് വി.എസ്. ഷിജുവിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് കെ.കെ. ജ്യോതി യോഗം ഉദ്ഘാടനം ചെയ്തു.
അഞ്ചല്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഐ. സുമി പദ്ധതി വിശദീകരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷൈന്‍ ബാബു, ബിനി വര്‍ഗീസ്, ഹസീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.