Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AncientRomans

പുരുഷ ജനനേന്ദ്രിയത്തിന്‍റെ രൂപത്തിലുള്ള നെയിൽ ക്ലീനർ, റോമാക്കാർക്ക് ഭാ​ഗ്യ​ത്തിന്‍റെ പ്ര​തീ​കം

​ന്ന​ത്തെ സ​മൂ​ഹ​ത്തി​നു പുരുഷ ജ​ന​നേ​ന്ദ്രി​യ​ത്തിന്‍റെ ആ​കൃ​തി​യി​ലു​ള്ള ഉ​പ​ക​ര​ണം കൗ​തു​ക​മോ, ചി​രി​യോ ആയി മാറാം. പൊതു ഇടങ്ങളിൽ കൈവശം വയ്ക്കാവുന്ന; ഒരു വീട്ടിൽ എല്ലാവർക്കും ഉപയോഗിക്കാവുന്ന, അത്തരം ആകൃതിയോടുകൂടിയ ഉപകരണം നിർമിക്കാൻ ഇക്കാലത്ത് ആരും തയാറാകില്ല. അതേസമയം, റോമാക്കാർ അങ്ങനെ‍യായിരുന്നില്ല. റോ​മ​ൻ സം​സ്കാ​ര​ത്തി​ൽ പു​രു​ഷ ജ​ന​നേ​ന്ദ്രി​യ ചി​ഹ്ന​ങ്ങ​ളെ തി​ന്മ​യ്ക്കെതിരേ സം​ര​ക്ഷ​ണ ക​വ​ച​മാ​യും ഭാ​ഗ്യ​ത്തിന്‍റെ പ്ര​തീ​ക​വുമാ​യാ​ണു ക​ണ്ടി​രു​ന്ന​ത്.‌‌ ദു​ഷ്ട​ശ​ക്തി​ക​ളി​ൽനി​ന്നും ദൃഷ്ടിദോഷങ്ങളിൽനിന്നും സം​ര​ക്ഷ​ണം നേ​ടാ​നും ഐ​ശ്വ​ര്യ​ത്തി​നും വേ​ണ്ടി ഇ​ത്ത​രം രൂ​പ​ങ്ങ​ൾ വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ളി​ലും ആ​ഭ​ര​ണ​ങ്ങ​ളി​ലും പ്ര​തി​മ​ക​ളി​ലും റോമാക്കാർ വ്യാപകമായി ഉപയോഗിച്ചിരുന്നു. റോ​മ​ൻ അ​തി​ർ​ത്തി മ​തി​ലു​ക​ളി​ലും വിവിധ നി​ർമി​തി​ക​ളി​ലും ഇ​ത്ത​രം മുദ്രകൾ കൊ​ത്തിവ​ച്ചി​ട്ടു​ള്ള​താ​യി ചരിത്രകാരന്മാർ നേരത്തെയും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇപ്പോൾ, പുരാതന റോമാക്കർ ഉപയോഗിച്ചിരുന്ന പുരുഷ ജനനേന്ദ്രിയത്തിന്‍റെ ആകൃതിയിലുള്ള നെയിൽ ക്ലീനർ കണ്ടെത്തിയിരിക്കുകയാണ് യുകെയിലെ ഗവേഷകർ. ഇം​ഗ്ല​ണ്ടി​ലെ ഗ്ലോ​സ്റ്റ​ർ​ഷെ​യ​റി​ലെ ചെ​ൽ​റ്റ​ൻ​ഹാ​മി​നു സ​മീ​പം റോ​ഡ് നവീകരണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവൃത്തികൾക്കിടെയാണ് നിരവധി പുരാവസ്തുക്കൾ കണ്ടെത്തിയത്. ഇതിൽ റോമാക്കാർ ഉപയോഗിച്ചിരുന്ന നെയിൽ ക്ലീനർ (നഖം വൃത്തിയാക്കുന്ന ഉപകരണം) ആണ് ഏറെ കൗതുകമായത്. കാരണം, നെയിൽ ക്ലീനറിന്‍റെ ഹാൻഡിൽ പു​രു​ഷ ജ​ന​നേ​ന്ദ്രി​യ​ത്തിന്‍റെ ആ​കൃ​തി​യി​ലു​ള്ളതാണ്. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ റി​സെർ​ച്ച് സ​ർ​വീ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നടന്ന ഖ​ന​ന​ത്തി​ലാ​ണ് റോ​മ​ൻ യു​ഗ​ത്തി​ലെ അപൂർവ വസ്തുക്കൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞത്.

ചെ​മ്പ് ഉ​പ​യോ​ഗി​ച്ചാണ് നെയിൽ ക്ലീനറിന്‍റെ നിർമാണം. എ​ഡി 300 മു​ത​ൽ 400 വ​രെ​യു​ള്ള അ​വ​സാ​ന റോ​മ​ൻ കാ​ല​ഘ​ട്ട​ത്തി​ലേ​താണ് നെയിൽ ക്ലീനർ എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. ന​ഖ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ഴു​ക്കു നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി പ​ര​ന്ന​തും നേ​ർ​ത്ത​തു​മാ​യ ര​ണ്ടു ശാ​ഖ​ക​ൾ ഇതിനുണ്ട്. യാ​ത്ര​ക​ളി​ൽ എ​ളു​പ്പ​ത്തി​ൽ കൊ​ണ്ടു​ന​ട​ക്കാ​നും കഴിയും. ഇ​തിന്‍റെ ഹാ​ൻ​ഡി​ലി​ൽ ചെറിയ ദ്വാരം ഉണ്ട്. ഇതിൽ നൂൽ കോർത്ത് തൂക്കിയിടാനും സാ​ധി​ക്കും.

വ്യത്യസ്തമായ നെയിൽ ക്ലീനറിനു പു​റ​മെ, മറ്റു പുരാവസ്തുക്കളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. നാ​ലാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന ആളുടെ അ​സ്ഥി​കൂ​ടം, വെ​ങ്ക​ല വ​ള, നാ​ണ​യ​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങി​യ ശ​വ​കു​ടീ​രം ഇ​വി​ടെനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാ​തെ, അ​പൂ​ർ​വ ബെ​ൽ​റ്റ് ബ​ക്കി​ളും ഇ​വി​ടെനി​ന്നു ല​ഭി​ച്ചു. ജ്യാ​മി​തീ​യ ഡി​സൈ​നു​ക​ളോ​ടുകൂടിയ ബക്കിൾ ചെ​മ്പു കൊ​ണ്ടാണു നിർമിച്ചത്.

ഇ​രു​മ്പു​യു​ഗ​ത്തി​ലെ, ഡോ​ബു​ന്നി ഗോ​ത്രം ഇ​റ​ക്കി​യ വെ​ള്ളി നാ​ണ​യം, റോ​മ​ൻ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ കാ​ല​ത്തെ വെ​ങ്ക​ല നാ​ണ​യ​ങ്ങ​ൾ, മ​ധ്യ​കാ​ല നാ​ണ​യ​ങ്ങ​ൾ, 1963-ലെ ​ജോ​ർജ് ആറാമൻ രാ​ജാ​വിന്‍റെ സി​ക്സ്പെ​ൻ​സ് നാ​ണ​യം തുടങ്ങിയവയും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ​പതി​നെ​ട്ട്, പ​ത്തൊ​മ്പ​ത് നൂ​റ്റാ​ണ്ടു​ക​ളി​ലെ നാ​വി​ക​സേ​ന​യു​ടെ ബ​ട്ട​ണു​ക​ളും ഇ​വി​ടെനി​ന്നു ല​ഭി​ച്ചവയിൽ ഉൾപ്പെടുന്നു. റോ​മ​ൻ അ​ധി​നി​വേ​ശം മു​ത​ൽ ആ​ധു​നി​ക യു​ഗം വ​രെ​യു​ള്ള അപൂർവ വസ്തുക്കൾ വിശദപഠനത്തിനു വിധേയമാക്കുമെന്നു പുരാവസ്തുഗവേഷകർ പറഞ്ഞു.

Latest News

Corehub Up