ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പുതിയ ചുമതലക്കാരെ പ്രഖ്യാപിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവ്ദേക്കറെ മാറ്റി എം. നാഗരാജയ്ക്ക് ചുമതല നൽകി.
സഹപ്രഭാരി സ്ഥാനത്തുനിന്നും അപരാജിത സാരംഗിയെയും മാറ്റി. ദേശീയ സെക്രട്ടറി എം. വെങ്കിടേഷാണ് പുതിയ സഹപ്രഭാരി. പ്രകാശ് ജാവ്ദേക്കറിന് പകരം ചുമതല നൽകിയിട്ടില്ല. തമിഴ്നാടിന്റെയും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തരാഖണ്ഡിന്റെയും ചുമതല ആർഎസ്എസ് നേതാവ് റാം മാധവിനാണ്.
ഇതുകൂടാതെ പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രനും ലക്ഷദ്വീപിന്റെ ചുമതല ജോർജ് കുര്യനും നൽകിയപ്പോൾ അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെ ചുമതലയും ഗോവയുടെ സഹപ്രഭാരി സ്ഥാനവും നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിന്റെ ചുമതല വിനോദ് താവ്ഡെയ്ക്കും ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല സ്മൃതി ഇറാനിക്കുമാണ് നൽകിയിരിക്കുന്നത്. ഗുജറാത്ത് പ്രഭാരിയായി തരുൺ ചുഗിനെയും മഹാരാഷ്ട്രയുടെ സഹചുമതലക്കാരനായി അമിത് മാളവ്യയെയും നിയോഗിച്ചു.