കരിക്കോട്ടക്കരി: ടൗണിന് സമീപം റബർ തോട്ടത്തിൽ മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. ഇത് വന്യജീവി കൊന്ന ജീവികളുടെ അവശിഷ്ടമാണെന്ന സംശയമുണ്ട്.
തുരുത്തിമറ്റത്തിൽ ഡി.ജെ. ജോസഫിന്റെ റബർ തോട്ടത്തിലാണ് നാലിടങ്ങളിലായി കുറുക്കന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. തോട്ടം വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് ആദ്യം ഇവ കാണുന്നത്.
ആദ്യദിവസം കണ്ടെത്തിയ സ്ഥലത്ത് അടുത്തദിവസം അവശിഷ്ടങ്ങൾ ഉണ്ടായിരുന്നില്ല. തെരച്ചിലിൽ മറ്റൊരിടത്ത് കണ്ടെത്തി.ഇത്തരത്തിൽ പലപ്പോഴായി ശരീരാവശിഷ്ടങ്ങൾ മറ്റിടങ്ങളിലേക്ക് മാറിയിരുന്നു. പുലിയും കടുവയുമാണ് ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ സ്ഥലം മാറ്റി സൂക്ഷിക്കുന്ന സ്വഭാവം പ്രകടിപ്പിക്കാറുള്ളതെന്നാണ് പ്രദേശവാസികൾ പറയുന്നത്.