കോഴിക്കോട്: ആനയ്ക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും നൽകിയില്ലെന്ന പരാതിയിൽ ഉടമയ്ക്കും പാപ്പാനുമെതിരെ വനംവകുപ്പ് കേസെടുത്തു. ബാലുശ്ശേരിക്ക് സമീപം ഉണ്ണികുളത്ത് താമസിക്കുന്ന ചെറിയപറമ്പത്ത് ഗോപാലൻ എന്ന ആനയുടെ ഉടമ ഏകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥൻ, പാപ്പാൻ എന്നിവർക്കെതിരെയാണ് നടപടി.
ആനയ്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം ആനയെ പരിശോധിച്ചിരുന്നു. തുടർന്ന് ആനയുടെ രക്തസാമ്പിൾ പൂക്കോട് വെറ്ററിനറി കോളജിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാ റിപ്പോർട്ടിൽ ആനയ്ക്ക് കടുത്ത പോഷകാഹാരക്കുറവുണ്ടെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നും വ്യക്തമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചത്.
കഴിഞ്ഞ 23ന് നടത്തിയ പരിശോധനയിൽ രജിസ്റ്ററിൽ നിർദേശിച്ചിട്ടുള്ള ഭക്ഷണം ആനയ്ക്ക് നൽകുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് ആനയെ കടുത്ത ക്ഷീണത്തിലേക്ക് നയിച്ചതായും പരിശോധനയിൽ വ്യക്തമായി. കൂടാതെ കാലുകളിൽ ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകളും വ്രണങ്ങളും കണ്ടെത്തിയിരുന്നു. രോഗാവസ്ഥയിലായിരിക്കെ ആനയെ തടി പിടിപ്പിക്കുന്ന ജോലിക്ക് കൊണ്ടുപോയതായും ആരോപണമുണ്ട്.
നിലവിൽ സോഷ്യൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ് ആനയുടെ ഭക്ഷണക്രമവും പരിചരണവും നടക്കുന്നത്. ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് റേഞ്ച് ഓഫീസർ കെ.എൻ. ദിവ്യ അറിയിച്ചു. അതേസമയം ക്ഷീണത്തെ തുടർന്ന് ആന തൃശൂരിലെ ഒരു ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്ന് ഉടമ സി.പി.സത്യനാഥൻ പറഞ്ഞു.