പ്രകൃതിയുടെ കോപത്തിന് മുന്നിൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ വിറച്ച നാളുകൾക്കാണ് ഉത്തർപ്രദേശിലെ ബഹ്റൈച്ച് സാക്ഷ്യം വഹിച്ചത്.
നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ പ്രതിഫലനമെന്നോണം അതിർത്തി നദികൾ കരകവിഞ്ഞൊഴുകിയപ്പോൾ, ഗിരിജാപൂരി ബാരേജിന് സമീപത്തെ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് അഞ്ച് കാട്ടാനകൾ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നു.
കൂട്ടത്തിൽ നീന്തി രക്ഷപ്പെടാൻ ശേഷിയില്ലാത്ത രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. സാധാരണഗതിയിൽ വലിയ പ്രളയമുണ്ടാകുമ്പോൾ സ്വന്തം ജീവൻ രക്ഷിക്കാൻ ഏതു ജീവിയും നെട്ടോട്ടമോടാറുണ്ട്. എന്നാൽ ഇവിടെ കണ്ടത് അത്യപൂർവ്വമായ ഒരു സ്നേഹക്കാഴ്ചയായിരുന്നു.
സ്വന്തം സുരക്ഷിതത്വം നോക്കാതെ, പ്രക്ഷുബ്ധമായ ജലപ്രവാഹത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ കുഞ്ഞുങ്ങളെ ആ മൂന്ന് മുതിർന്ന ആനകൾ ശരീരത്തോട് ചേർത്തുപിടിച്ചു. വെള്ളത്തിന്റെ ശക്തിയിൽ ഒഴുകിപ്പോകുമ്പോഴും അവർ ആ കുഞ്ഞുങ്ങളെ തനിച്ചാക്കിയില്ല.
ഉദ്യോഗസ്ഥയായ സുപ്രിയ സാഹു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളിലൂടെയാണ് ഈ ദാരുണവും അതേസമയം വികാരനിർഭരവുമായ സംഭവം ലോകമറിഞ്ഞത്. കലിയടങ്ങാത്ത ഒഴുക്കിനെതിരെയുളള ആ മൃഗങ്ങളുടെ പോരാട്ടം വന്യജീവി സ്നേഹികളുടെ മനസിനെ ഒന്നാകെ ഉലച്ചു.
ബാരേജിന്റെ അപകടകരമായ വാതിലുകളിലേക്ക് സംഘം അടുക്കുന്നതുകണ്ട വനംവകുപ്പും ജലസേചന വിഭാഗവും ഒട്ടും സമയം കളയാതെ രംഗത്തിറങ്ങി. ബാരേജിലൂടെയുള്ള ജലമൊഴുക്കിന്റെ ശക്തി അടിയന്തരമായി കുറച്ചതാണ് ഈ ദൗത്യത്തിൽ വഴിത്തിരിവായത്.
വെള്ളത്തിന്റെ ശക്തി മാറി ഒഴുക്കിന് അല്പം ശാന്തത വന്നതോടെ, ഉദ്യോഗസ്ഥർ ആനകളെ സമയോചിതമായി കരയിലേക്ക് വഴിതിരിച്ചുവിട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അഞ്ച് ആനകളും സുരക്ഷിതമായി അടുത്തുള്ള വനമേഖലയിലേക്ക് കയറിപ്പോയി.
മനുഷ്യർക്ക് മാത്രം അവകാശപ്പെട്ട ഒന്നല്ല കൂട്ടായ്മയും കരുതലുമെന്ന് തെളിയിച്ച ഈ ആനക്കൂട്ടം, പ്രകൃതിദുരന്തങ്ങളിൽപ്പെടുന്നത് മനുഷ്യ ജീവനുകൾ മാത്രമല്ലെന്ന വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ബാക്കിവെക്കുന്നത്.