പക്ഷിപ്പനിക്കെതിരേ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ. പൗൾട്രി മേഖലയ്ക്കു സുരക്ഷാകവചമാകുന്ന വാക്സിൻ നവംബർ ഇരുപതിനു രാജ്യത്തിനു സമർപ്പിക്കും. ഭോപ്പാലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് വാക്സിൻ സമർപ്പണം നിർവഹിക്കുന്നത്. ദീർഘനാളായുള്ള ഇന്ത്യയുടെ ശ്രമമായിരുന്നു പക്ഷിപ്പനി വാക്സിൻ. എച്ച്5 എൻ1 വൈറസിനെതിരായുള്ള വാക്സിൻ ഗവേഷണത്തിനു പിന്നിൽ പ്രവർത്തിച്ചത് ഭോപ്പാൽ ആസ്ഥാനമായുള്ള ഐസിഎആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ആണ്.
രാജ്യത്തു പക്ഷിപ്പനി വീണ്ടും ആശങ്കയാകുകയും കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണു വാക്സിൻ എന്ന സുപ്രധാനനേട്ടം രാജ്യം കൈവരിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും അടുത്തിടെ പടർന്നുപിടിച്ച പക്ഷിപ്പനി കോഴിവളർത്തൽ മേഖലയ്ക്കു വൻ തിരിച്ചടിയായിരുന്നു. തമിഴ്നാട്ടിലെ കടലൂരിൽ അര ലക്ഷത്തോളം കോഴികൾ ചത്തതായാണു റിപ്പോർട്ട്. രോഗബാധിത മേഖലയിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള നാൽപതിനായിരത്തോളം കോഴികളെ കൊല്ലുകയും ചെയ്തിരുന്നു. ആന്ധ്രയിലെ അനന്തപുർ ജില്ലയിലും പക്ഷിപ്പനി വലിയ വെല്ലുവിളിയുയർത്തിയിരുന്നു.
2025-ൽ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിച്ചതു കർഷകരെ വൻ പ്രതിസന്ധിയിലാക്കിയിരുന്നു. കോഴികൾ ചാകുന്നതും കൊന്നൊടുക്കുന്നതും കർഷകർക്കു വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചു. ഇത്തരമൊരു സാഹചര്യത്തിൽ വാക്സിനേഷൻ മികച്ചൊരു പ്രതിരോധമായി മാറും.
പക്ഷികളെ ബാധിക്കുന്ന രോഗമാണെങ്കിലും, അപൂർവമായി എച്ച്5 എൻ1 മനുഷ്യരിലേക്കു പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട്, പൊതുജനാരോഗ്യരംഗത്തും വാക്സിൻ നിർണായകമായി മാറും. എന്നാൽ, വാക്സിൻ എപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകും, വില, ഉപയോഗം തുടങ്ങിയ കാര്യങ്ങൾ ഉടൻ പുറത്തുവിടും.