ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുള്ള രേവൽസറിൽ നിന്ന് മനുഷ്യ മനസിനെ സ്പർശിക്കുന്ന ഒരു അപൂർവ്വ ദൃശ്യം പുറത്തുവന്നു. വഴിയരികിൽ കിടന്ന ഒരു കൊച്ചു നായക്കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ച് 20 അടിയോളം ഉയരമുള്ള മരത്തിന് മുകളിലേക്ക് ഒരു കുരങ്ങൻ കയറുകയായിരുന്നു.
നായക്കുട്ടിയെ താഴേക്ക് എറിഞ്ഞേക്കുമോ എന്ന ഭയത്താൽ നാട്ടുകാർ മരത്തിന് താഴെ തടിച്ചുകൂടിയെങ്കിലും, സ്വന്തം കുഞ്ഞിനെയെന്ന പോലെ അതിനെ തലോടുകയും പരിചരിക്കുകയുമാണ് കുരങ്ങൻ ചെയ്തത്.
ഏകദേശം 15 മിനിറ്റോളം മരത്തിന് മുകളിൽ ചിലവഴിച്ച ശേഷം കുരങ്ങൻ നായക്കുട്ടിയെ യാതൊരു പരിക്കുമില്ലാതെ സുരക്ഷിതമായി താഴെ ഇറക്കിവിട്ടു.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, കുരങ്ങുകൾ കൊച്ചുകുട്ടികളെയും ഇത്തരത്തിൽ അപായപ്പെടുത്തുമോ എന്ന ആശങ്ക നാട്ടുകാർ പങ്കുവെച്ചു.
എന്നാൽ, കുരങ്ങുകളിൽ ഇത്തരം മാതൃസഹജമായ പെരുമാറ്റങ്ങൾ സ്വാഭാവികമാണെന്നും ഇതിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിസ്ഥിതി പ്രവർത്തകനായ നരേന്ദ്ര സൈനി വ്യക്തമാക്കി.