രാജപുരം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ മാർ തോമസ് ആനിമൂട്ടിലിന് നാളെ രാജപുരം ഫൊറോനയിൽ വരവേൽപ് നൽകും.
ഉച്ചകഴിഞ്ഞ് 2.30ന് ഒടയംചാലിൽ നിന്ന് പൊതുസമ്മേളനവേദിയായ രാജപുരം പാരിഷ് ഹാളിലേക്ക് സ്വീകരണ ഘോഷയാത്ര നടത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും.
രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ അധ്യക്ഷത വഹിക്കും. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത, പനത്തടി ഫൊറോന വികാരി ഫാ. ചാക്കോ കുടിപറമ്പിൽ, കെസിസി ഫൊറോന പ്രസിഡന്റ് ഒ.സി. ജെയിംസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
1911ൽ കോട്ടയം അതിരൂപത സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് മലബാറിൽ നിന്ന് ഒരു സഹായ മെത്രാൻ ഉണ്ടാകുന്നത്. രാജപുരത്തോടൊപ്പം 1943 ൽ ക്നാനായ കുടിയേറ്റം നടന്ന മടമ്പം ഫൊറോനയിലെ പയ്യാവൂർ ഇടവകാംഗമാണ് മാർ തോമസ് ആനിമൂട്ടിൽ. കോട്ടയം അതിരൂപതയ്ക്കു കീഴിൽ മലബാർ മേഖലയിലുള്ള വിശ്വാസ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയും ക്ഷേമവുമായി ബന്ധപ്പെട്ട ചുമതലകളാണ് അദ്ദേഹത്തിനു നൽകിയിരിക്കുന്നത്.
പത്രസമ്മേളനത്തിൽ രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സജി മുളവനാൽ, പബ്ലിസിറ്റി കൺവീനർ ജിജി കിഴക്കേ പുറത്ത്, ഫിലിപ്പ് വെട്ടിക്കുന്നേൽ എന്നിവർ പങ്കെടുത്തു.