ന്യൂയോർക്ക്: ഫൊക്കാനയുടെ 2026ലെ അന്തർദേശീയ കൺവൻഷൻ വേദിക്ക് സംഘടനയുടെ സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായ പരേതനായ ഡോ. എം. അനിരുദ്ധന്റെ പേര് നൽകാൻ നേതൃത്വം തീരുമാനിച്ചു.
കൽഹാരിയിൽ നടക്കുന്ന കൺവൻഷന്റെ പ്രധാന വേദി "അനിരുദ്ധൻ നഗർ' എന്ന പേരിലായിരിക്കും അറിയപ്പെടുക. കഴിഞ്ഞ വർഷം അന്തരിച്ച ഡോ. അനിരുദ്ധൻ ഫൊക്കാനയുടെ രൂപീകരണത്തിലും വളർച്ചയിലും നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ അനുസ്മരിച്ചാണ് ഈ തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.
1983-ൽ ഫൊക്കാന രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആദ്യകാല പ്രവർത്തകരിൽ പ്രമുഖനായിരുന്നു ഡോ. എം. അനിരുദ്ധൻ.
സംഘടനയുടെ ആദ്യ പ്രസിഡന്റായിരുന്ന അനിരുദ്ധൻ, രാഷ്ട്രീയ ചേരിതിരിവുകൾക്കതീതമായി എല്ലാ വിഭാഗം മലയാളികളെയും ഒരുമിപ്പിക്കുന്ന വേദിയായി ഫൊക്കാനയെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധേയമായ നേതൃത്വം നൽകി.
കേരളത്തിൽ ഭരണകൂടങ്ങൾ മാറിമാറി വന്നപ്പോഴും സർക്കാരുകളുമായുള്ള ഊഷ്മള ബന്ധം നിലനിർത്താൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നയപരമായ സമീപനവും സഹായകമായിരുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
ഡോ. അനിരുദ്ധന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫൊക്കാന കൺവൻഷനുകളും വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളും ഇന്നും സംഘടനയ്ക്ക് മാതൃകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഫൊക്കാന കൺവൻഷൻ സംഘടിപ്പിക്കുന്ന പതിവിന് തുടക്കമിട്ടതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നുവെന്നും അവർ പറഞ്ഞു.