ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി ഡൽഹി കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.
കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ചു പേർ കുറ്റക്കാരാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷാവിധി സംബന്ധിച്ച വാദം കേട്ട അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിംഗ് ശിക്ഷവിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അഞ്ചു പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഡൽഹി പോലീസ് വാദിച്ചു.
അങ്കിത് ശർമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ അദ്ദേഹം മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷവും ആക്രമണം തുടർന്നെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ കോടതിയിൽ പറഞ്ഞു.
അങ്കിത് ശർമയുടെ ശരീരത്തിൽ ആകെ 51 മുറിവുകളാണ് കണ്ടെത്തിയത്. അതിൽ 18 എണ്ണം മൂർച്ചയുള്ള ആയുധങ്ങൾകൊണ്ടുള്ള മുറിവുകളായിരുന്നെന്നും മധുകർ പാണ്ഡെ പറഞ്ഞു.
അങ്കിത് ശർമയുടെ പിതാവ് രവീന്ദർ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരി 26നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.