ഗ്യാംഗ്ടോക്ക്: സിക്കിമിന്റെ 19-ാമത് ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം തിങ്കളാഴ്ച ലോക് ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അങ്കിത ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, മന്ത്രിമാർ, സ്പീക്കർ, ഹൈക്കോടതി ജഡ്ജിമാർ, എംഎൽഎമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം സിക്കിം ആംഡ് പോലീസിന്റെ ഗാർഡ് ഓഫ് ഓണറും ഗവർണർ സ്വീകരിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 12-നാണ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചത്. ഒം പ്രകാശ് മാഥുറിന് പകരമാണ് പുതിയ നിയമനം. എന്നാൽ 2022-ലെ അങ്കിത ഭണ്ഡാരി കൊലക്കേസിലെ സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തിന്റെ നിയമനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിക്കിമിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്.