ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികളുടെ ഭാഗമായി സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടര്‍ പട്ടികയിലെ പേരില്‍ അവ്യക്തതയുണ്ടെന്ന് അറിയിച്ചാണ് നോട്ടീസ്. അന്തിമ പട്ടികയിലുണ്ടാകണമെങ്കില്‍ ആവശ്യമായ രേഖകൾ ഹാജരാക്കണമെന്നാണ് നോട്ടീസിലെ നിർദേശം.
സെപ്റ്റംബർ 17ന് മുമ്പായി രേഖകൾ ഹാജരാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. സംഭവത്തിൽ പ്രതികരിച്ച് ആനി രാജ രംഗത്തെത്തിയിട്ടുണ്ട്. തന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണിതെന്നാണ് ആനി രാജയുടെ ആരോപണം.
ഡല്‍ഹിയില്‍ കൂട്ടത്തോടെ ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തിന് പിന്നാലെയാണ് സിപിഐ നേതാവിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. 11 ലക്ഷത്തില്‍ താന്‍ ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും ആനി രാജ പറഞ്ഞു. ആനി രാജ എന്ന പേരിലെ "രാജ'യിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവ്യക്തത ആരോപിക്കുന്നത്.