വിര്‍ട്ടസ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി വോള്ക്സ്വാഗണ് ഇന്ത്യ പുതിയ ആനിവേഴ്സറി എഡിഷന് അവതരിപ്പിച്ചു. എന്‍ജിനിലും ഗിയര്‍ബോക്സിലും മാറ്റങ്ങളില്ലെങ്കിലും വിര്‍ട്ടസിന്റെ ജിടി പ്ലസ് സ്പോര്‍ട്ട് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പ്.
സ്പോര്‍ട്ടി രൂപവും ശക്തമായ ടര്‍ബോ എന്‍ജിനും മികച്ച ഡ്രൈവിംഗ് അനുഭവവും വേണമെന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ആനിവേഴ്സറി എഡിഷന് എത്തിയിരിക്കുന്നത്. 19.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
കാഴ്ചയില്‍ ആകര്‍ഷകം
സാധാരണ വേരിയന്റുകളില്‍ നിന്ന് വിര്‍ട്ടസ് ആനിവേഴ്സറി എഡിഷനെ വേറിട്ടുനിര്‍ത്തുന്നത് അതിന്റെ ആകര്‍ഷകമായ ഡിസൈന്‍ മാറ്റങ്ങളാണ്. പുതിയ അവക്കാഡോ പേള്‍ നിറമാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. കോണ്ട്രാസ്റ്റ് ബ്ലാക്ക് റൂഫ്, ഡാര്‍ക്ക് ഫിനിഷിലുള്ള അലോയ് വീലുകള്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, ബ്ലാക്ക് ബൂട്ട് ലിപ് സ്പോയിലര്‍ എന്നിവ വാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്കുന്നു.
360 ഡിഗ്രി സര്റൗണ്ട് വ്യൂ കാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡോര്‍ പഡില്‍ ലാംപുകള്‍, ഡ്യുവല്‍ ടോണ്‍ ഹോണ്‍ എന്നിവയും ഈ എഡിഷനില്‍ അധികമായി നല്‍കിയിട്ടുണ്ട്. നീളമേറിയ ബോണറ്റ്, ഷാര്‍പ്പ് എല്‍ഇഡി ലൈറ്റുകള്‍, കൂപ്പെ ശൈലിയിലുള്ള റൂഫ് ലൈന്‍, വശങ്ങളിലൂടെ ഒഴുകുന്ന ബോഡി ലൈന്‍ എന്നിവ വാഹനത്തിന് മിഴിവേകുന്നു.
സമ്പന്നമായ അകത്തളം
ഗ്ലോസ്ബ്ലാക്ക് ഇന്‍സെര്‍ട്ടുകളും റെഡ് ആംബിയന്റ് ലൈറ്റിംഗും സജ്ജീകരിച്ച ഓള്‍ബ്ലാക്ക് ഇന്റീരിയറാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ക്യാബിനെ സമ്പന്നമാക്കുന്നു.
സുരക്ഷയ്ക്കും മുന്‍ഗണന
സുരക്ഷയുടെ കാര്യത്തിലും വിര്‍ട്ടസ് ആനിവേഴ്സറി എഡിഷന് ശ്രദ്ധേയമാണ്. അഞ്ച് സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ റേറ്റിംഗ് നേടിയ വിര്‍ട്ടസില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഐഎസ്ഒഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ തുടങ്ങിയ നിരവധിയായ സുരക്ഷാ സംവിധാനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കരുത്തുറ്റ എന്ജിന്
1.5 ലീറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 150 പിഎസ് പരമാവധി കരുത്തും 250 എന്‍എം ടോര്‍ക്കും നല്കുന്ന എന്‍ജിനൊപ്പം ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.
മികച്ച പവറിനൊപ്പം ലിറ്ററിന് 19.62 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ മിഡ്സൈസ് സെഡാന് വിപണിയില്‍ വിര്‍ട്ടസിന് പ്രധാന എതിരാളികള്‍ ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, സ്കോഡ സ്ലാവിയ എന്നിവരാണ്.
വില: 19.20 ലക്ഷം
മൈലേജ്: 19.62 കിലോമീറ്റർ