കൊച്ചി: ‘അമ്മ’ വാര്‍ഷിക ജനറല്ബോഡിയിലുണ്ടായ നാടകീയ നീക്കങ്ങള്‍ക്കും രാജിക്കും പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണവുമായി നടി ശ്വേതാ മേനോന്. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായതോടെയാണു ഭരണസമിതി രാജിവച്ചത്. ഇത് ദൗര്‍ബല്യമല്ല, മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണെന്നും ശ്വേത മേനോന് പറഞ്ഞു.
ആരുടെയും പാവയാകാതിരിക്കാനാണു തന്റെ രാജി. ‘അമ്മ’ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ക്രൈം നന്ദകുമാര്‍, മാര്ട്ടിന് മേനാച്ചേരി എന്നിവരെപ്പോലുള്ളവരെ മുന്നില്‍ നിര്‍ത്തി തനിക്കെതിരേ ദുഷ്പ്രചാരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. ഇതു മറികടന്നാണ് ഭൂരിപക്ഷ പിന്തുണയില്‍ താന്‍ ജയിച്ചത്. നിര്‍ഭാഗ്യവശാല്‍ മുന്‍ കമ്മിറ്റിയിലെ ചിലരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍പ്പോലും അന്വേഷിക്കാന്‍ സാധിച്ചില്ല. ചില സ്വാര്‍ത്ഥതാത്പര്യക്കാര്‍ അതില്‍ ഇടപെട്ടുവെന്നും ശ്വേത ആരോപിച്ചു.
സംഘടനയിലെ വരവുചെലവ് കണക്കുകളില്‍ ആകെ കള്ളക്കളിയാണെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും കണക്കുകള്‍ സമഗ്രമായി പരിശോധിക്കണമെന്നും ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുന്‍കാല കണക്കുകളുമായി ബന്ധപ്പെട്ട് തന്റെ രാജിക്കുശേഷവും സംശയങ്ങളുണ്ടെന്നു പറഞ്ഞ ശ്വേത, താന്‍ ബിജെപിയുമല്ല കമ്യൂണിസ്റ്റുമല്ലെന്നും വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെയോ കേരളത്തിലെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയോ ഒരു പരിപാടിയിലും താന്‍ പങ്കെടുത്തിട്ടില്ല. മറ്റെല്ലാവരും ഈ ക്ഷണങ്ങള്‍ക്കു പിന്നാലെ പോയപ്പോഴും മാറി നില്‍ക്കുകയായിരുന്നുവെന്നും ശ്വേത വിശദീകരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വെളിപ്പെടുത്തുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.