ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലിയിൽ പ്രമുഖ സിനിമാ നടി അൻസിബ ഹസനും ഗായകൻ സുധീഷ് ശശികുമാറും മുഖ്യാതിഥികളായി പങ്കെടുക്കും.
അൻസിബ ഷിക്കാഗോയിലേക്ക് എത്തുന്നത് ഏറെ താത്പര്യത്തോടെയാണ് വടംവലി പ്രേമികളും സിനിമാ ആരാധകരും നോക്കി കാണുന്നത്. അതോടൊപ്പം നിരവധി സിനിമകളിലും സ്റ്റേജുകളിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള സുധീഷ് ശശികുമാർ കൂടി എത്തുന്നതോടെ വടംവലി മത്സരങ്ങൾ ആഘോഷങ്ങളുടെ കൂടി വേദിയാകും.
ഞായറാഴ്ച ഷിക്കാഗോ നഗരത്തിന്റെ പ്രാന്തപ്രദേശമായ ബെൻസൺ വില്ലിലെ എനർജി ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലാണ് വടംവലി നടത്തപ്പെടുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ ഇത്തവണത്തെ വടംവലി മതസരത്തിൽ പങ്കെടുക്കുവാൻ എത്തുമെന്ന് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന ചിക്കാഗോ അന്താരാഷ്ട്ര വടംവലിയിൽ പങ്കെടുക്കുവാനായി നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നും വടംവലി പ്രേമികൾ ഷിക്കാഗോയിലേക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
വടംവലി മത്സരം കാണികളിലേക്ക് ഒരു നവ്യാനുഭവമായി എത്തിക്കുവാനായി വിപുലമായ തയാറെടുപ്പുകളാണ് നടത്തിവരുന്നത്.
പാർക്കിംഗ് സൗകര്യങ്ങളും വിശാലമായ ഇൻഡോർ സ്റ്റേഡിയവും മികച്ച ഓഡിയോ വിഷ്വൽ സംവിധാനങ്ങളും സ്വാദിഷ്ടമായ ഭക്ഷണ സൗകര്യങ്ങളുമൊക്കെയായി തയാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതിക്ക് വേണ്ടി ചെയർമാൻ സിറിയയ്ക്ക് കൂവക്കാട്ടിൽ അറിയിച്ചു.