തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൽ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്ന് വ്യക്തമാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നടത്തിയ പുനരന്വേഷണത്തിന് ഒടുവിലാണ് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് സമർപ്പിച്ചത്.
സജി ചെറിയാൻ ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്നും ഭരണകൂട വ്യവസ്ഥയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. പ്രസംഗത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ ലോക്കൽ പോലീസ് നൽകിയ സമാനമായ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി, സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.
തുടരന്വേഷണ റിപ്പോർട്ട് അനുകൂലമായതോടെ സജി ചെറിയാന് മന്ത്രിസ്ഥാനത്ത് തുടരുന്നതിന് തടസങ്ങളില്ലാതാകും. മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 'ഭരണഘടനയെ കുന്തം, കുടചക്രം' എന്നിങ്ങനെ വിശേഷിപ്പിച്ചു എന്നതായിരുന്നു മന്ത്രിക്കെതിരെയുള്ള പരാതി. ഈ സംഭവത്തെത്തുടർന്ന് അദ്ദേഹത്തിന് നേരത്തെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.