തോക്കുപാറ: ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായി തോക്കു പാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ഗവ. യുപി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ റാലി, സമ്മേളനം, ഫ്ലാഷ് മോബ്, യോഗ ഡാൻസ്, ബോധവത്കരണ ക്ലാസ്, തൂഫാൻ വൺ മില്യൺ ഗോൾ ഫുട്ബോൾ ഷൂട്ട് ഔട്ട് എന്നിവ നടത്തി.
സ്കൂൾ മാനേജർ ഫാ. ജയിംസ് പാറക്കടവിൽ അധ്യക്ഷത വഹിച്ച സമ്മേളനം വെള്ളത്തൂവൽ പോലീസ് സബ് ഇൻസ്പെക്ടർ എ. അഫ്സൽ ഉദ്ഘാടന ചെയ്തു.
ഇടുക്കി രൂപത ലഹരിവിരുദ്ധ സമിതി പ്രസിഡന്റ് സിൽബി ചുനയംമാക്കൽ, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെംബർ പി.സി. സജു, സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസിൻ എസ്എബിഎസ്, ജിയുപിഎസ് അധ്യാപക പ്രതിനിധി സി.പി. സിബി, പിടിഎ പ്രസിഡന്റുമാരായ സിജോ വർഗീസ്, ജോബി ജോസഫ്, വിമുക്തി ക്ലബ് കൺവീനർ ഷിന്റോ തോമസ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഹാളിൽ നടന്ന ക്ലാസിന് വെള്ളത്തൂവൽ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.ബി. സിന്ധുമോൾ, അധ്യാപകരായ സിസ്റ്റർ ബിന്ദു ജോർജ്, സെലിൻ കെ. ദേവസ്യ, സബിൻ ജോസഫ്, കെ.എം. ഷീജ, ദീപ ജോൺ, സാനിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
മേരികുളം സെന്റ് മേരീസ് എച്ച്എസ്എസിൽ
ഉപ്പുതറ: പോലീസും മേരികുളം സെന്റ് മേരീസ് സ്കൂൾ എസ്പിസി യൂണിറ്റും സ്കൂൾ അധികൃതരും ചേർന്ന് തൂഫാൻ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കൂട്ടയോട്ടവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കുളംപള്ളി ഉദ്ഘാടനം നിർവഹിച്ചു.
സർക്കാരിന്റെ തൂഫാൻ പദ്ധതിയുടെ പ്രചാരണവും ലോകകപ്പ് ഫുട്ബോളിന്റെ ആവേശവും ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. 350 കുട്ടികളും അധ്യാപകരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
മേരികുളം ടൗണിൽനിന്ന് മാട്ടുക്കട്ടയിലേക്കാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കൂട്ടയോട്ടത്തിന് മുന്നോടിയായി ഫ്ലാഷ് മോബും നടന്നു. കൂട്ടയോട്ടം ഉപ്പുതറ സ്റ്റേഷൻ ഓഫീസർ എ. ഫൈസൽ ഫ്ലാഗ് ഓഫ് ചെയ്തു.
പരിപാടിയുടെ ഉദ്ഘാടന യോഗത്തിൽ അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. തമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയമ്മ ജോസഫ്, പഞ്ചായത്തംഗം സുലോചന ചന്ദ്രൻ, സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ തെരേസ് ജോസ്, ഫാ. മെൽബിൻ കളപ്പുര, സിസ്റ്റർ സുജ ടി. ജോൺ, ഫാ. ബിനോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.
മൂന്നാറില്‍
മൂന്നാര്‍: പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണം നടത്തി. റാലി, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി എഫ്. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂന്നാര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.
റിട്ട. സബ് ഇന്‍സ്പെക്ടര്‍ കെ.ഡി. മണിയന് ബോധവത്കരണ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി, മൂന്നാര്‍ പഞ്ചായത്തംഗങ്ങള്‍, മൂന്നാര്‍ എസ്എച്ച്ഒ ജെ. ബിനോദ് കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.