ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം തടയുന്നതിനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ പുനഃപരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ.
സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഈവർഷം യുജിസി അവതരിപ്പിച്ച ചട്ടങ്ങൾക്കെതിരേ ഒരുവിഭാഗം വിദ്യാർഥികൾ പ്രതിഷേധവും ആശങ്കയും ഉയർത്തിയ സാഹചര്യത്തിലാണ് സർക്കാരിന്റെ നിർണായക നീക്കം.
വിഷയത്തിൽ വിദ്യാർഥികളുടെ ആശങ്കകൾ പൂർണമായി പരിഹരിക്കുമെന്നും ഒരുവിഭാഗത്തിനും അതൃപ്തിയുണ്ടാകാത്ത സാഹചര്യം ഉറപ്പാക്കുമെന്നും കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ജാതിവിവേചന വിരുദ്ധ ചട്ടങ്ങൾക്കെതിരേ ഒരുകൂട്ടം വിദ്യാർഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
യുജിസി അവതരിപ്പിച്ച പുതിയ ചട്ടത്തിലെ പരാതിപരിഹാര സംവിധാനത്തിൽനിന്ന് ജനറൽ വിഭാഗം വിദ്യാർഥികളെ ഒഴിവാക്കുന്നത് വിവേചനപരമാണെന്നു ചൂണ്ടിക്കാട്ടി ഈ വർഷം ജനുവരിയിൽ സുപ്രീംകോടതി ഇവ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു. ഇതിനു പകരമായി ഇടക്കാലത്തേക്ക് 2012ലെ ചട്ടങ്ങൾ തുടരാനായിരുന്നു കോടതിയുടെ അന്നത്തെ നിർദേശം.