കൊച്ചി: പുതുതലമുറയ്ക്ക് പുത്തൻപാനയും അവയുടെ പാരായണവും പരിചയപ്പെടുത്തുന്നതിനും ജനകീയമാക്കുന്നതിനും വലിയ പങ്കു വഹിച്ച ക്രൈസ്തവ ചരിത്രകാരനാണ് ഇന്നലെ വിടവാങ്ങിയ ആന്റണി പുത്തൂർ.
‘അർണോസ് പാതിരി: പുത്തൻപാനയും ഇതര കാവ്യങ്ങളും’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ആന്റണി, നോന്പുകാലങ്ങളിൽ വിവിധ പള്ളികളിൽ പുത്തൻപാന പാരായണം ചെയ്യുന്നതിലും അതിന്റെ വിചിന്തനങ്ങൾ പങ്കുവയ്ക്കുന്നതിലും സജീവമായിരുന്നു.
‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചനയിൽ ഇറ്റാലിയൻ കർമലീത്ത വൈദികൻ മത്തേവൂസ് പാതിരിയുടെയും ലത്തീൻ പണ്ഡിതരായ വൈദികരുടെയും പങ്കിനെക്കുറിച്ചുള്ള ആന്റണി പുത്തൂരിന്റെ പുസ്തകങ്ങളും ലേഖനങ്ങളും ശ്രദ്ധിക്കപ്പെട്ടു.
‘ഹോർത്തൂസ് മലബാറിക്കൂസ്’ രചനയിൽ മത്തേവൂസ് പാതിരിയുടെ പങ്ക് എന്തുകൊണ്ടു തമസ്കരിക്കപ്പെട്ടു എന്നതിലുള്ള ഗവേഷണത്തിനായി അദ്ദേഹം ദീർഘകാലം ചെലവഴിച്ചു. പ്രായം പരിഗണിക്കാതെയുള്ള പഠനങ്ങൾ രോഗബാധിതനായ ശേഷവും തുടർന്നു.
കെഎൽസിഎച്ച്എയുടെയും കെആർഎൽസിബിഎച്ച്സിയുടെയും നിർവാഹകസമിതിയംഗവും ചരിത്രാന്വേഷി എന്ന സംഘടനയുടെ ചെയർമാനുമാണ്. തൃശൂർ വേലൂരിലുള്ള അർണോസ് പാതിരി അക്കാദമിയിലും ആന്റണി പുത്തൂർ പ്രവർത്തനനിരതനായിരുന്നു.
ആന്റണി പുത്തൂരിന്റെ നിര്യാണത്തിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു.