ഇടുക്കി: പശ്ചിമഘട്ടത്തിലെ ഉയർന്ന പുൽമേടുകളിൽനിന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയൊരു സസ്യവർഗത്തെ ഗവേഷകർ കണ്ടെത്തി. ടെട്രാറ്റേനിയം പൈകടെ (Tetrataenium paikadae) എന്ന് പേരിട്ടിരിക്കുന്ന ഈ സസ്യം ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണൽ പാർക്കിൽ നിന്നാണ് കണ്ടെത്തിയത്.
കാരറ്റ്, മല്ലി എന്നിവ ഉൾപ്പെടുന്ന അപ്പിയേസി (Apiaceae) കുടുംബത്തിലെ പുതിയൊരു അംഗമാണിത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) മുൻ പ്രിൻസിപ്പലും മാനേജരുമായ പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയോടുള്ള ആദരസൂചകമായാണ് സസ്യത്തിന്റെ പേര്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തിയാണ് ഗവേഷകർ ഈ പേര് തെരഞ്ഞെടുത്തത്.
സമുദ്രനിരപ്പിൽനിന്ന് 1000 മുതൽ 2500 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലെ നനവാർന്ന ചതുപ്പ് പ്രദേശങ്ങളിലാണ് ഈ പുതിയ സ്പീഷീസ് വളരുന്നത്. ഇരവികുളം നാഷണൽ പാർക്കിൽ ഈ സ്പീഷിസിലെ ഏകദേശം 150 ചെടികൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് എന്നത് ഈ സസ്യത്തിന്റെ അപൂർവതയും സംരക്ഷണത്തിന്റെ ആവശ്യകതയും സൂചിപ്പിക്കുന്നു.
ഏകദേശം 30 മുതൽ 80 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടുകൾ കട്ടിയുള്ള രോമങ്ങളാൽ നിറഞ്ഞതാണ്. വെളുത്ത നിറത്തിലുള്ള സമമിതിയുള്ള പൂക്കളും അണ്ഡാകൃതിയിലുള്ള ഇലകളുമാണ് ഇതിന്റെ സവിശേഷത. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പൂവിടുന്ന ഈ ചെടിയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കായ്കൾ കാണപ്പെടുന്നത്. കായ്കളിലെ എണ്ണക്കുഴലുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള വ്യത്യാസമാണ് സമാനമായ മറ്റ് സസ്യങ്ങളിൽനിന്നും ഇതിനെ വേർതിരിക്കുന്നത്.
ദേവഗിരി കോളജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകരായ സി.രേഖ, എം.കെ പ്രശാന്ത്, ടി.പി. അശ്വിൻദാസ്, റിസർച്ച് ഗൈഡ് ഡോ. കെ.എം. മനുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടെത്തൽ. സ്വീഡനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേർണലായ നോർഡിക് ജേർണൽ ഓഫ് ബോട്ടണിയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ പുതിയ സസ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പശ്ചിമഘട്ടത്തിലെ സസ്യവൈവിധ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പുതിയ കണ്ടെത്തൽ. നിലവിൽ ലോകത്താകെ ടെട്രാറ്റേനിയം ജനുസിൽ 25 വർഗങ്ങളുണ്ട്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR), അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം പൂർത്തിയാക്കിയത്.