ആഗ്ര: താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ വനിതയെ തുറിച്ചുനോക്കുകയും പിന്തുടരുകയും ചെയ്ത യുവാക്കളുടെ സംഘത്തെ ചോദ്യം ചെയ്ത ഫോട്ടോഗ്രാഫര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ കയ്യടി. ഫോട്ടോഷൂട്ടിനിടെ വിദേശവനിതയെ അസ്വസ്ഥയാക്കുന്ന രീതിയില്‍ നോക്കിനിന്ന യുവാക്കളെയാണ് ഫോട്ടോഗ്രാഫര്‍ നേരിട്ട് ചോദ്യം ചെയ്തത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ഒരു വിദേശ വനിതയ്ക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് കുറച്ച് യുവാക്കള്‍ അവിടെത്തന്നെ നില്‍ക്കുകയും അവരെ അസ്വസ്ഥരാക്കുന്ന രീതിയില്‍ നോക്കുകയും ചെയ്യുന്നത് ഫോട്ടോഗ്രാഫറുടെ ശ്രദ്ധയില്‍പ്പെട്ടത്. 'നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ? താജ്മഹല്‍ കാണാനാണ് വന്നതെങ്കില്‍ അത് കണ്ടു കൂടെ? എന്തിനാണ് ഇവിടെത്തന്നെ നില്‍ക്കുന്നത്, അവര്‍ക്ക് ബുദ്ധിമുട്ടാകില്ലേ?' എന്ന് ചോദിച്ചാണ് ഫോട്ടോഗ്രാഫര്‍ യുവാക്കളെ നേരിട്ടത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 38 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വിദേശ വിനോദസഞ്ചാരികളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇത്തരം പെരുമാറ്റങ്ങള്‍ രാജ്യത്തിന് തന്നെ നാണക്കേടാണെന്നും അഭിപ്രായപ്പെട്ട് നിരവധി പേരാണ് ഫോട്ടോഗ്രാഫറെ പിന്തുണച്ച് രംഗത്തെത്തിയത്.