Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AprilFoolsDay

Special

സച്ചിന്‍റെ 'ഡ്യൂപ്ലിക്കേറ്റ്' കളിയിൽ അന്തംവിട്ട് സുഹൃത്ത്; മാസ്റ്റർ ബ്ലാസ്റ്ററുടെ കിടിലൻ പ്രങ്ക്

ക്രിക്കറ്റ് മൈതാനത്തെ റെക്കോർഡുകൾ കൊണ്ട് വിസ്മയിപ്പിച്ച സച്ചിൻ ടെണ്ടുൽക്കർ, ജീവിതത്തിൽ വലിയൊരു കുസൃതിക്കാരൻ കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഏപ്രിൽ ഫൂൾ ദിനത്തിൽ തന്‍റെ അടുത്ത സുഹൃത്തിനെ പറ്റിക്കാൻ സച്ചിൻ ഒരുക്കിയ കൗതുകകരമായ നാടകമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

തന്‍റെ അതേ രൂപസാദൃശ്യമുള്ള ബൽവീർ ദർശൻ ചന്ദ് എന്ന അപരനെ ഉപയോഗിച്ചാണ് സച്ചിൻ ഈ തമാശ പ്ലാൻ ചെയ്തത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, സച്ചിന്‍റെ വേഷം ധരിച്ച ബൽവീർ ഒരു സോഫയിൽ ഇരിക്കുന്നത് കാണാം. ഈ സമയം മുറിയിലേക്ക് എത്തിയ സച്ചിന്‍റെ സുഹൃത്ത്, അവിടെ ഇരിക്കുന്നത് സച്ചിനാണെന്ന് തെറ്റിദ്ധരിച്ച് സ്നേഹത്തോടെ പുറകിലൂടെ വന്ന് ആലിംഗനം ചെയ്തു.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അപരൻ പൊടുന്നനെ പ്രകോപിതനാവുകയും സുഹൃത്തിനോട് ദേഷ്യപ്പെടുകയും ചെയ്തു. തന്‍റെ പ്രിയ സുഹൃത്തിന്‍റെ ഈ അപ്രതീക്ഷിത പ്രതികരണത്തിൽ പരിഭ്രമിച്ച് തല താഴ്ത്തി നിന്ന സുഹൃത്തിനെ നോക്കി സച്ചിൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവിടേക്ക് കടന്നുവന്നു. 'ദം ബിരിയാണി വെന്തു പാകമായി' എന്ന അർത്ഥത്തിൽ 'പക്കായി ഭായ്, ബിരിയാണി, ദം വാലി പക്കായി' എന്ന് പറഞ്ഞാണ് അദ്ദേഹം തന്‍റെ പ്രങ്ക് വിജയിച്ച വിവരം അറിയിച്ചത്.

മൈതാനത്ത് ഗൗരവക്കാരനായ സച്ചിൻ വ്യക്തിജീവിതത്തിൽ വലിയൊരു തമാശക്കാരനാണെന്നത് നേരത്തെ തന്നെ പ്രശസ്തമാണ്. മുൻപ് ഇന്ത്യൻ ടീമിൽ ആയിരുന്ന കാലത്ത് സഹതാരങ്ങളായ സൗരവ് ഗാംഗുലിയെയും യുവരാജ് സിംഗിനെയുമെല്ലാം അദ്ദേഹം ഇത്തരത്തിൽ പലതവണ പറ്റിച്ചിട്ടുണ്ട്. ഒരിക്കൽ ഗാംഗുലി ഉറങ്ങിക്കിടക്കുമ്പോൾ അദ്ദേഹത്തിന്‍റെ മുറിയിൽ വെള്ളം നിറച്ച് സ്യൂട്ട്കേസുകൾ ഒഴുക്കിവിട്ട കഥ സച്ചിൻ തന്നെ വെളിപ്പെടുത്തിയിരുന്നു.

കൂടാതെ കളിക്കളത്തിൽ വീരേന്ദർ സെവാഗിനെ സമ്മർദ്ദത്തിലാക്കാനും യുവരാജ് സിംഗിനെ ഹോളിക്കാലത്ത് വേഷം മാറി ചെന്ന് പേടിപ്പിക്കാനും തുടങ്ങി സച്ചിൻ കാട്ടിയ വികൃതികൾ ഏറെയാണ്. പ്രായം കൂടുമ്പോഴും തന്‍റെ ഉള്ളിലെ ആ കൊച്ചു കുട്ടിയെ മാസ്റ്റർ ബ്ലാസ്റ്റർ ഇന്നും കൈവിട്ടിട്ടില്ലെന്ന് ഈ ഏപ്രിൽ ഫൂൾ വീഡിയോ അടിവരയിടുന്നു.

Latest News

Corehub Up