ടെൽ അവീവ്: തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതായതോടെ ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലേക്ക്.
അധികാരത്തിലെത്താൻ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ തേടിയുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും അറബ് പാർട്ടികളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കുന്ന കാര്യത്തിലെ ഭിന്നത പ്രതിസന്ധി രൂക്ഷമാക്കുകയാണ്. അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിനെ ചില പ്രതിപക്ഷ കക്ഷികൾ എതിർക്കുമ്പോൾ, അവരുമായി സഹകരിക്കാനുള്ള സാധ്യത തേടുകയാണ് യാഷാർ പാർട്ടി അധ്യക്ഷൻ ഗാദി ഐസൻകോട്ട്.
19 സീറ്റുകളുള്ള അറബ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ ഐസൻകോട്ട് നാല് ഉപാധികൾ മുന്നോട്ടു വച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ അംഗീകരിക്കുന്ന ഏതു കക്ഷിയെയും സർക്കാരിന്റെ ഭാഗമാക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള സർക്കാർ രൂപീകരണത്തോട് പ്രതിപക്ഷത്തെ മറ്റു പ്രധാന കക്ഷികൾക്ക് യോജിപ്പില്ല.
ഇസ്രയേലിനെ യഹൂദ ജനാധിപത്യ രാഷ്ട്രമായി അംഗീകരിക്കുക, രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിലെ മൂല്യങ്ങൾ അംഗീകരിക്കുക, ഇസ്രയേൽ പ്രതിരോധസേനയെ (ഐഡിഎഫ്) ശക്തിപ്പെടുത്തുന്നതിനായി എല്ലാവർക്കും നിർബന്ധിത സൈനിക സേവനം ബാധകമാക്കുക, ഹമാസിനെ ഭീകര സംഘടനയായി അംഗീകരിച്ച് അതിന്റെ സൈനിക-ഭരണശേഷി ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധരാകുക എന്നിവയാണ് ഐസൻകോട്ടിന്റെ നാല് ഉപാധികൾ.
അറബ് പാർട്ടിയായ റാമിനുകൂടി സ്വീകാര്യമാകുന്ന തരത്തിലാണ് ഹമാസുമായി ബന്ധപ്പെട്ട നാലാമത്തെ ഉപാധി ഐസൻകോട്ട് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, റാമിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിനോട് പ്രതിപക്ഷത്തെ ബി യാചാദ്, യിസ്രയേൽ ബെതേനു എന്നീ പാർട്ടികൾ കടുത്ത വിയോജിപ്പിലാണ്.
പാർട്ടി നേതാക്കളുമായി ഇന്നു നടത്തുന്ന ചർച്ചകൾക്കുശേഷം സർക്കാർ രൂപീകരിക്കാൻ ആരെയാണു ക്ഷണിക്കേണ്ടതെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് തീരുമാനിക്കും. ഈ തീരുമാനം ഇസ്രയേലിന്റെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ.