ആറന്മുള: ഗവൺമെന്റ് എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാന്പിന്റെ ചുക്കാൻ കഴിഞ്ഞ മൂന്നുദിവസവും അധ്യാപകനായ ശ്രീകാന്തിന്റെ കരങ്ങളിൽ ഭദ്രമായിരുന്നു. ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നത് ആറന്മുള ഗവ. എച്ച്എസ്എസിലെ ക്യാന്പിലായിരുന്നു. ഇന്നലെ വരെ 191 ആളുകളുണ്ടായിരുന്നു. ഇതിൽ 78 ഇതര സംസ്ഥാനക്കാരായിരുന്നു. ഇന്നലെ ഇതര സംസ്ഥാനക്കാരെ കാരംവേലി സ്കൂളിലേക്ക് മാറ്റി.
ഉടുതുണി മാത്രമായി ക്യാന്പിലേക്ക് ഓടിവന്നവരെ സമാശ്വസിപ്പിച്ച് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയത് ക്യാന്പ് ഓഫീസറും ഇതേ സ്കൂളിലെ അധ്യാപകനുമായ എ.എം. ശ്രീകാന്താണ്. എല്ലാവരുടെയും അടുത്തേക്ക് ഓടിയെത്തി പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അപ്പപ്പോൾ പരിഹരിച്ചാണ് മൂന്നുദിവസവും ക്യാന്പ് നടത്തിയതെന്ന് ശ്രീകാന്ത് പറയുന്നു. ത്രിതല പഞ്ചായത്ത് ഭാരവാഹികളും അബിൻ വർക്കി എംഎൽഎയും പൂർണപിന്തുണ നൽകി.