പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ വഴി വ്യാജ ബുക്കിംഗ് നടത്തി ഭക്തരിൽനിന്ന് പണം തട്ടിയതായി പരാതി. 3000 മുതൽ 5000 രൂപ വരെ ഓൺലൈനായി നൽകി ബുക്ക് ചെയ്ത ഭക്തർ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. സംഭവത്തിൽ പള്ളിയോട സേവാസംഘം ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളിൽനിന്ന് പണം ഈടാക്കിയത്. സദ്യയ്ക്കായി എപ്പോൾ എത്തണമെന്ന് ചോദിക്കുമ്പോൾ ഓരോ ദിവസങ്ങൾ മാറ്റിപ്പറഞ്ഞ് ഭക്തരെ കബളിപ്പിക്കുകയായിരുന്നു. സംശയം തോന്നി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തങ്ങൾ ചതിക്കപ്പെട്ട കാര്യം ഭക്തർ അറിയുന്നത്. നിരവധി ആളുകൾ സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഏറെ പ്രാധാന്യമുള്ള ചടങ്ങാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ. ചിങ്ങമാസത്തിലെ തിരുവോണത്തോടനുബന്ധിച്ചും ക്ഷേത്ര ഉത്സവകാലത്തുമാണ് വള്ളസദ്യ നടക്കാറുള്ളത്. വഴിപാടായി നൽകുന്ന സദ്യയ്ക്കായി ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രമെ ബുക്കിംഗ് നടത്താവൂ എന്നും വ്യാജ ഓൺലൈൻ ലിങ്കുകളിൽ വഞ്ചിതരാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.