സെന്റ് ലൂയിസ് (അമേരിക്ക): റേഡിയോ, ടെലിവിഷൻ പരിപാടികളിലൂടെയും ഗ്രന്ഥരചനയിലൂടെയും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് സുവിശേഷ സന്ദേശമെത്തിച്ച ആർച്ച്ബിഷപ് ഫുൾട്ടൺ ജെ. ഷീൻ ഇനി വാഴ്ത്തപ്പെട്ടവൻ.
അമേരിക്കയിലെ മിസോറി സംസ്ഥാനത്തിൽപ്പെട്ട സെന്റ് ലൂയിസ് നഗരത്തിലെ ‘ദ ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ’ നടന്ന ഭക്തിനിർഭരവും പ്രൗഢഗംഭീരവുമായ ചടങ്ങിലായിരുന്നു ചരിത്രപ്രധാനമായ പ്രഖ്യാപനം.
തിരുക്കർമങ്ങളിൽ മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയം പ്രോ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ മുഖ്യകാർമികത്വം വഹിച്ചു. മാർപാപ്പയുടെ സന്ദേശം അദ്ദേഹം ലത്തീൻ ഭാഷയിൽ വായിച്ചു. തുടർന്ന് പിയോറിയ ബിഷപ് ലൂയിസ് റ്റിൽക്ക ഇത് ഇംഗ്ലീഷിൽ വായിച്ചു. അമേരിക്കയിലെയും വിവിധ വിദേശരാജ്യങ്ങളിലെയും എൺപതോളം ബിഷപ്പുമാരും ആയിരത്തിലധികം വൈദികരും 80,000ത്തോളം വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
ആർച്ച്ബിഷപ് ഷീന്റെ ചരമവാർഷിക ദിനമായ ഡിസംബർ ഒന്പത് അദ്ദേഹത്തിന്റെ തിരുനാൾദിനമായി മാർപാപ്പ പ്രഖ്യാപിച്ചു.
ജനനസമയത്ത് ഹൃദയമിടിപ്പ് നിലയ്ക്കുകയും 61 മിനിറ്റുകളോളം ജീവന്റെ ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്ത അമേരിക്കയിലെ ഇല്ലിനോയ് സ്വദേശിയായ ജയിംസ് ഫുൾട്ടൺ എൻഗ്സ്ട്രോം എന്ന കുഞ്ഞിന് ആർച്ച്ബിഷപ് ഷീന്റെ മധ്യസ്ഥതയാൽ ജീവൻ തിരിച്ചുകിട്ടിയത് അദ്ഭുത രോഗശാന്തിയായി വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. പൂർണ ആരോഗ്യവാനായ ജയിംസ് എൻഗ്സ്ട്രോമും കുടുംബവുമാണ് തിരുക്കർമങ്ങളിൽ വാഴ്ത്തപ്പെട്ട ഷീന്റെ തിരുശേഷിപ്പ് അൾത്താരയിലേക്കു സംവഹിച്ചത്.
വെറുമൊരു പ്രശസ്തനായ പ്രസംഗകനോ ടെലിവിഷൻ വ്യക്തിത്വമോ ആയതുകൊണ്ടല്ല ഫുൾട്ടൺ ഷീൻ വിശുദ്ധിയുടെ പദവിയിലേക്ക് ഉയർന്നതെന്നും ഈശോമിശിഹായുമായുള്ള അഗാധമായ ബന്ധവും വിശുദ്ധ കുർബാനയോടുള്ള ഭക്തിയും എളിയവരോടുള്ള കരുണയുമാണ് അദ്ദേഹത്തെ നയിച്ചതെന്നും കർദിനാൾ ടാഗ്ലെ വചനസന്ദേശത്തിൽ പറഞ്ഞു.
തന്റെ പ്രസംഗങ്ങൾ വഴി എത്രപേർ കത്തോലിക്കാസഭയിലേക്ക് കടന്നുവന്നുവെന്ന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ ചോദിച്ചപ്പോൾ, “ആ കണക്കുകൾ ഞാൻ സൂക്ഷിക്കാറില്ല, അത് എന്റെ കഴിവുകൊണ്ടാണെന്ന അഹങ്കാരം എനിക്കുണ്ടാകാതിരിക്കാൻ” എന്നു മറുപടി നൽകിയ ഫുൾട്ടൺ ഷീന്റെ ലാളിത്യത്തെക്കുറിച്ച് കർദിനാൾ ഓർമിപ്പിച്ചു.
എമ്മി പുരസ്കാരം നേടിയ ‘ലൈഫ് ഈസ് വർത്ത് ലിവിംഗ്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയും റേഡിയോ സന്ദേശങ്ങളിലൂടെയും ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ച ആർച്ച്ബിഷപ് ഷീൻ, ആധുനിക മാധ്യമ സാങ്കേതികവിദ്യകളെ ദൈവവചന പ്രഘോഷണത്തിനായി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നു ലോകത്തിനു കാണിച്ചുകൊടുത്തു.
റഫറൻസുകളോ ടെലിപ്രോംപ്റ്ററോ ഇല്ലാതെ, ഒരു ചോക്ക്ബോർഡ് മാത്രം ഉപയോഗിച്ച് സങ്കീർണമായ തത്വചിന്തകളും ദൈവവചനവും ലളിതമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ലോകശ്രദ്ധ നേടിയിരുന്നു.