കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാനായി ഫാ. തോമസ് ആനിമൂട്ടിൽ നിയമിതനായി. നിയമന ഉത്തരവ് സീറോ മലബാർ സിനഡ് നടക്കുന്ന കാക്കനാട്ട് സെന്റ് തോമസ് മൗണ്ടിലും റോമിലും ഒരേ സമയം വായിച്ചു.
കോട്ടയം അതിരൂപതയുടെ മുഖ്യവികാരി ജനറാൾ ആയി ശുശ്രൂഷ ചെയ്തു വരവേയാണ് പുതിയ നിയോഗം. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനായ കോട്ടയം അതിരൂപതയിൽ ഇതോടെ മൂന്നു സഹായ മെത്രാൻമാരായി. മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവരാണ് മറ്റു രണ്ടു സഹായ മെത്രാൻമാർ.
കണ്ണൂർ പയ്യാവൂർ ആനിമൂട്ടിൽ കുടുംബാംഗമാണ് പുതിയ ബിഷപ്. പരേതരായ ജോസഫ്-ഏലി ദന്പതികളുടെ പുത്രനായി 1962 ജനുവരി 13ന് ജനിച്ച ഫാ. തോമസ് ആനിമൂട്ടിൽ പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ പഠനത്തിനു ശേഷമാണ് സെമിനാരിയിൽ ചേർന്നത്. കോട്ടയം സ്റ്റനിസ്ലാവോസ് മൈനർ സെമിനാരി, മംഗലാപുരം സെന്റ് ജോസഫ് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷം 1989 ഏപ്രിൽ 13ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു കൈവയ്പ് ശുശ്രൂഷ സ്വീകരിച്ച് വൈദികനായി. തുടർന്ന് റോമിലെ അത്തെനയോ റൊമാനോ സാന്റാ ക്രോസെയിൽനിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റ് നേടി.
വയനാട് പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളി, ശ്രീപുരം സെന്റ് മേരീസ് പള്ളി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവിടങ്ങളിൽ വികാരി, വിവിധ സ്കൂളുകളിൽ മാനേജർ, കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ, കണ്ണൂർ പാസ്റ്ററൽ സെന്റർ ഡയറക്ടർ, മലബാർ റീജൺ പ്രൊക്യുറേറ്റർ, അതിരൂപത ട്രൈബ്യൂണൽ ജഡ്ജി, കോട്ടയം അതിരൂപത ചാൻസലർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചു.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസ് (UCLA)നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ എഡ്യുക്കേഷൻ പൂർത്തിയാക്കി. അമേരിക്കയിൽ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടറായും ക്നാനായ കാത്തലിക് കോൺഗ്രസിന്റെ സ്പിരിച്വൽ ഡയറക്ടറായും ശുശ്രൂഷചെയ്തു.
11 വർഷം കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടർ എന്ന നിലയിൽ ശ്രദ്ധേയ സേവനം കാഴ്ചവച്ചു. വാഴ്ത്തപ്പെട്ട മാർ മാത്യു മാക്കീൽ, ദൈവദാസൻ ഫാ. തോമസ് പൂതത്തിൽ എന്നിവരുടെ നാമകരണ നടപടികളുടെ പ്രമോട്ടർ, കാത്തലിക് നഴ്സസ് ഗിൽഡിന്റെ ആത്മീയ ഉപദേശകൻ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി, ഇടുക്കി ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു.
മലയാളവും ഇംഗ്ലീഷും കൂടാതെ ഇറ്റാലിയൻ, ജർമൻ ഭാഷകളും കൈകാര്യംചെയ്യാനറിയാം. എലിയാമ്മ, ചാക്കോ, മാത്യു, ബേബി, ലൈസാമ്മ, പരേതനായ ഫിലിപ്പ് എന്നിവരാണ് നിയുക്ത ബിഷപ്പിന്റെ സഹോദരങ്ങൾ.