ലോസ് ആഞ്ചലസ്: കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വാസ്തുശില്പികളിൽ ഒരാളായ ഫ്രാങ്ക് ഗേരി (96) അന്തരിച്ചു.
അസാധാരണ രൂപത്തിലുള്ള നിർമിതികളാണ് ഗേരിയെ ലോകപ്രശസ്തനാക്കിയത്. സ്പെയിനിലെ ബിൽബാവോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗൂഗെൻഹൈം മോഡേൺ ആർട്ട് മ്യൂസിയം അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത നിർമിതികളിലൊന്നാണ്.
1929ൽ കാനഡയിലെ ടൊറോന്റോയിൽ ജനിച്ച ഗേരി വാസ്തുവിദ്യാകല പഠിക്കാനായി കൗമാരത്തിൽ അമേരിക്കയിലേക്കു കുടിയേറി. യൂണിവേഴ്സിറ്റി ഓഫ് സതേൻ കലിഫോർണിയ, ഹാർവഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഡിസൈൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പഠനശേഷം സ്വന്തം സ്ഥാപനം തുറന്ന ഗേരി പരന്പരാഗത നിർമാണ സങ്കല്പങ്ങളും സങ്കേതങ്ങളും നിരസിച്ചു. പൊരുത്തമോ അനുപാതമോ ഇല്ലാത്ത ജാമിതീയ രൂപങ്ങളും വടിവില്ലാത്ത വസ്തുക്കളും ഉപയോഗിച്ചുള്ള ഗേരിയുടെ നിർമാണ രീതി ‘ഡീകൺസ്ട്രക്ടിവിസം’ എന്നറിയപ്പെട്ടു.
ടൈറ്റാനിയം ഷീറ്റ്, ഗ്ലാസ്, ചുണ്ണാന്പുകല്ല് എന്നിവ ഉപയോഗിച്ചാണ് ബിൽബോവോയിലെ ഗൂഗെൻഹൈം മ്യൂസിയം നിർമിച്ചത്. അനുപമമായ കലാസൗന്ദര്യം പേറുന്ന മ്യൂസിയത്തിന്റെ നിർമിതി ബിൽബാവോ നഗരത്തിലേക്ക് വിനോദസഞ്ചാരികളെ ഒഴുക്കി. മറ്റു നഗരങ്ങളും ഇതനുകരിക്കാൻ തുടങ്ങിയതോടെ സാന്പത്തികമേഖലയുടെ പുനരുദ്ധാരണത്തിന് കലയെ ഉപയോഗിക്കുന്ന ‘ബിൽബാവോ ഇഫക്ട്’ എന്ന പ്രതിഭാസത്തിനും തുടക്കമായി.
ലോസ് ആഞ്ചലസിലെ വാൾട്ട് ഡിസ്നി കൺസേർട്ട് ഹാൾ, പാരീസിലെ ഫൗണ്ടേഷൻ ലൂയി വിറ്റൻ, പ്രേഗിലെ ഡാൻസിംഗ് ഹൗസ്, സിയാറ്റിലിലെ മ്യൂസിയം ഓഫ് പോപ് കൾച്ചർ, സാന്താ മോണിക്കയിലെ ഗേരി റസിഡൻസ് എന്ന സ്വന്തം വസതി തുടങ്ങിയവ ഗേരിയുടെ പ്രശസ്ത നിർമിതികളാണ്.