കൊച്ചി: അർജന്റീന ഫുട്ബോൾ ടീമും മുൻ ക്യാപ്റ്റൻ മെസിയും കൊച്ചിയിൽ കളിക്കുമെന്നു വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ നൽകിയ ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്.
ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയാണ് ജസ്റ്റീസ് പി.വി. ബാലകൃഷ്ണൻ പരിഗണിച്ചത്.
വിശദീകരണം നൽകാൻ സർക്കാരിനു സമയം അനുവദിച്ച കോടതി ഹർജി 23ന് പരിഗണിക്കാൻ മാറ്റി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഒപ്പുവച്ച കരാറിൽ വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനസർക്കാരിനെയും പൊതുജനങ്ങളെയും കബളിപ്പിക്കുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ചാണു കേസെടുത്തിട്ടുള്ളത്.
അഞ്ചു കോടി രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റിൽ ഇളവ് നേടി കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ആന്റോ അഗസ്റ്റിൻ ഗൂഢാലോചന നടത്തിയെന്നും ആരോപിക്കുന്നു.
എന്നാൽ, വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്താൻ മതിയായ ഘടകങ്ങൾ എഫ്ഐആറിൽ ഇല്ലെന്നാണു ഹർജിക്കാരന്റെ വാദം.