കളിപ്പാട്ടങ്ങളേക്കാൾ കൗതുകം ശാസ്ത്രത്തോട്. കാർട്ടൂണുകളേക്കാൾ പ്രിയം പ്രപഞ്ചരഹസ്യങ്ങളോട്. ഇതിനകം വായിച്ചുതീർത്തത് മൂവായിരത്തിലേറെ പുസ്തകങ്ങൾ. ബുദ്ധിശക്തി അളന്നപ്പോൾ ഐക്യു 141. മെൻസ, ഇന്റർടെൽ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ അംഗത്വം. ഹാർവാഡ്, എംഐടി തുടങ്ങിയ വിഖ്യാത സർവകലാശാലകൾ സന്ദർശിക്കാനും അവസരം.
അഞ്ചാം വയസിൽത്തന്നെ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ഈ കൊച്ചുമിടുക്കൻ കാനഡയിലെ ടൊറന്റോയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തിലെ വഡോദര സ്വദേശികളായ ഡോ. വിശാൽ വി. പ്രജാപതിയുടെയും അഭിഭാഷകയായ മഹിത തോറ്റയുടെയും മകനാണ്. ഫിസിഷ്യനും ക്ലിനിക്കൽ ഗവേഷകനുമാണ് വിശാൽ.
ഈ അഞ്ചു വയസുകാരന്റെ മനസിൽ നിറയുന്നത് സാധാരണ ബാല്യത്തിന്റെ കൗതുകങ്ങൾ മാത്രമല്ല. തമോഗർത്തങ്ങൾ, മനുഷ്യശരീരത്തിലെ കോശങ്ങൾ, ജനിതകശാസ്ത്രം, ഗണിതത്തിലെ സങ്കീർണ സമവാക്യങ്ങൾ, പ്രപഞ്ചത്തിന്റെ അതിരുകൾ... അവന്റെ ചോദ്യങ്ങൾ ചെന്നെത്തുന്നത് പലപ്പോഴും മുതിർന്നവരുടെ ചിന്തകൾക്കപ്പുറമുള്ള ലോകങ്ങളിലാണ്. ഓരോ ഉത്തരവും അവനിൽ പുതിയൊരു ചോദ്യത്തിന് ജന്മം നൽകുന്നു. അറിവിന്റെ കാര്യത്തിൽ അമ്പരപ്പിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും മാതാപിതാക്കൾക്ക് അർജുൻ ഒരു കൊച്ചുകുട്ടി മാത്രമാണ്. റിക്കാർഡുകൾ സൃഷ്ടിക്കാനുള്ള തിടുക്കമല്ല, അറിയാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ആ കുഞ്ഞുമനസിന്റെ ഏറ്റവും വലിയ സവിശേഷത.
കഴിഞ്ഞ 29ന് കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ നിയമസഭയുടെ പ്രത്യേക ആദരവ് അർജുനെ തേടിയെത്തി. പാർലമെന്റംഗം മേരി മാർഗരറ്റ് മക്മഹോൺ “ സർട്ടിഫിക്കറ്റ് ഓഫ് റക്കഗ്നിഷൻ ആൻഡ് അച്ചീവ്മെന്റ്' സമ്മാനിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡും അഭിനന്ദനകത്തുകൾ അയച്ചുനൽകി.
പുസ്തകങ്ങളിലൂടെ തുറന്ന ലോകം
ഒന്നര വയസുള്ളപ്പോൾത്തന്നെ അർജുൻ പുസ്തകങ്ങളോട് അടുപ്പം കാണിച്ചുതുടങ്ങി. ആദ്യമൊക്കെ ചിത്രങ്ങൾ നോക്കിയും കഥകൾ കേട്ടുമായിരുന്നു വായനയുടെ ലോകത്തേക്കുള്ള പ്രവേശനം. പിന്നീട് അക്ഷരങ്ങളും വാക്കുകളും അക്കങ്ങളും അവന്റെ താത്പര്യങ്ങളായി. മകന്റെ ഈ ശീലം വളർത്തിയെടുക്കുന്നതിൽ അമ്മ മഹിതയ്ക്ക് വലിയ പങ്കുണ്ട്. ടാബ്ലെറ്റിനും മൊബൈൽ ഫോണിനും പകരം പുസ്തകങ്ങൾ വായിക്കുന്ന അമ്മയെയാണ് അർജുൻ ചെറുപ്പം മുതൽ കണ്ടുവളർന്നത്. പുതിയൊരു വാക്ക് കണ്ടാൽ അതിന്റെ അർഥം നിഘണ്ടുവിൽ തിരഞ്ഞു കണ്ടെത്തുന്ന ശീലവും അവനിൽ വളർത്തി.
വായന നിർബന്ധിതമായ ഒരു ദിനചര്യയാക്കാൻ മാതാപിതാക്കൾ ശ്രമിച്ചില്ല. പകരം പുസ്തകങ്ങളുമായി സ്വാഭാവികമായൊരു സൗഹൃദം വളരാനുള്ള അന്തരീക്ഷമൊരുക്കി. അതിന്റെ ഫലമായി പുസ്തകങ്ങൾ അർജുന്റെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത കൂട്ടുകാരായി. ഉറങ്ങാൻ കിടക്കുമ്പോൾ തലയണയ്ക്കടിയിൽ പുസ്തകം വയ്ക്കുന്ന ശീലമുണ്ട് അവന്. യാത്രകളിലും പുസ്തകങ്ങൾ കൂടെയുണ്ടാകണം. കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോൾ എട്ടോ പത്തോ പുസ്തകങ്ങൾ കരുതുന്നത് അസാധാരണമല്ല. യാത്രയ്ക്കിടെ വായിക്കാൻ പുസ്തകമില്ലാതെ വരുമോ എന്നതാണ് അവന്റെ പ്രധാന ആശങ്ക.
ഹാരി പോട്ടറിന്റെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും സാങ്കല്പിക ലോകത്തേക്കാൾ യഥാർഥ ലോകത്തിന്റെ രഹസ്യങ്ങളിലാണ് അവനു താത്പര്യം. മനുഷ്യശരീരശാസ്ത്രം, ജനിതകശാസ്ത്രം, മൈക്രോബയോളജി, ജ്യോതിശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലെ പുസ്തകങ്ങളാണു പ്രിയപ്പെട്ടവ. പുസ്തകശാലകളിലും ഗ്രന്ഥശാലകളിലും മണിക്കൂറുകൾ ചെലവഴിക്കാൻ അവനു മടിയില്ല. പുസ്തകോത്സവങ്ങളിൽ എത്തിയാൽ രണ്ടോ മൂന്നോ മണിക്കൂർ അവിടെ ചുറ്റിനടക്കുന്നതും പതിവാണ്.
3000ത്തിലേറെ പുസ്തകങ്ങൾ വായിച്ചുവെന്ന കണക്ക് തീർച്ചയായും അദ്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ എത്ര പുസ്തകങ്ങൾ വായിച്ചു എന്നതിലുപരി, അവയിൽനിന്ന് എത്രത്തോളം കാര്യങ്ങൾ മനസിലാക്കുകയും പുതിയ ചോദ്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു എന്നതാണ് അർജുന്റെ വായനയുടെ പ്രത്യേകത.
ഡോക്ടറെപ്പോലും അമ്പരപ്പിച്ച ശാസ്ത്രബോധം
പ്രീസ്കൂളിൽ പഠിക്കുമ്പോൾ കോൺക്രീറ്റ് പ്രതലത്തിൽ വീണ് ഇടതുകൈമുട്ടിന് പരിക്കേറ്റു. വേദന പേശികൾക്കല്ല, എല്ലിനായിരിക്കാമെന്നു സംശയിച്ച അർജുൻ എക്സ്റേ എടുക്കണമെന്ന് ആവശ്യപ്പെട്ടു. പരിശോധനയ്ക്കിടെ എല്ലിന് പൊട്ടലുണ്ടോയെന്ന് റേഡിയോളജി ടെക്നീഷ്യനോടുപോലും അന്വേഷിച്ചു. ഭാഗ്യവശാൽ പൊട്ടലുണ്ടായിരുന്നില്ല. ആശുപത്രിയിൽ പോകുമ്പോൾ ഡോക്ടർമാരോട് മറ്റൊരു ചോദ്യവും ചോദിക്കാറുണ്ട്: “വൈറൽ അണുബാധകൾക്ക് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലല്ലോ, ഡോക്ടർ?'' വൈറസുകളും ബാക്ടീരിയകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള വായനയിൽനിന്നാണ് ഈ സംശയം.
മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനം, രക്താണുക്കൾ, ബി-സെല്ലുകൾ, ടി-സെല്ലുകൾ എന്നിവയിലും അവന് താത്പര്യമുണ്ട്. മനുഷ്യന്റെ ജനനത്തെക്കുറിച്ച് വായിച്ചറിഞ്ഞപ്പോൾ അമ്മയോടു പറഞ്ഞ വാക്കുകളും കൗതുകകരമാണ്: “മമ്മീ, ഭാഗ്യം! മമ്മിയുടെ ശരീരത്തിൽ അണ്ഡങ്ങളുള്ളതുകൊണ്ടല്ലേ ഞാൻ ഉണ്ടായത്. അതില്ലായിരുന്നെങ്കിൽ ഞാനും അനുജത്തിയും ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ലല്ലോ!” അറിവ് അവന്റെ ചിന്തകളിൽ എത്രത്തോളം ആഴത്തിൽ പതിയുന്നുവെന്നതിന്റെ ചെറിയൊരു ഉദാഹരണമാണിത്.
ഐക്യു 141; അംഗീകാരങ്ങളുടെ തിളക്കം
അർജുന്റെ അസാധാരണമായ ബൗദ്ധികശേഷി ശാസ്ത്രീയമായി വിലയിരുത്തപ്പെട്ടതോടെയാണ് അവന് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ ലഭിച്ചത്. കഴിഞ്ഞ ജൂൺ 11ന് നാലു വയസും പത്തുമാസവും പ്രായമുള്ളപ്പോൾ സ്റ്റാൻഫോർഡ്-ബിനെറ്റ് ഇന്റലിജൻസ് സ്കെയിലിന്റെ അഞ്ചാം പതിപ്പുപ്രകാരം ബുദ്ധിശക്തി പരിശോധനയ്ക്കു വിധേയനായി.
പരിശോധനയിൽ ഫുൾ സ്കെയിൽ ഐക്യു 141 ആണെന്ന് കണ്ടെത്തി. നോൺവെർബൽ ഐക്യു 149, ഫ്ലൂയിഡ് റീസണിംഗ് സ്കോർ 144, വർക്കിംഗ് മെമ്മറി സ്കോർ 146 എന്നിങ്ങനെയായിരുന്നു മറ്റു പ്രധാന സ്കോറുകൾ. ബൗദ്ധികശേഷിയുടെ അടിസ്ഥാനത്തിൽ ‘ഗിഫ്റ്റഡ്' അഥവ അസാധാരണ പ്രതിഭയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് അവനെ ഉൾപ്പെടുത്തിയത്.
ഈ നേട്ടം മെൻസ ഇന്റർനാഷണൽ, ഇന്റർടെൽ എന്നീ ഉയർന്ന ബുദ്ധിശക്തിയുള്ളവരുടെ അന്താരാഷ്ട്ര സംഘടനകളിൽ അംഗത്വം നേടുന്നതിനും വഴിയൊരുക്കി. അംഗീകൃത ബുദ്ധിശക്തി പരിശോധനകളിൽ ജനസംഖ്യയിലെ ഏറ്റവും ഉയർന്ന രണ്ടു ശതമാനത്തിനുള്ളിൽ വരുന്ന പ്രകടനമാണ് പൊതുവെ മെൻസ അംഗത്വത്തിന് ആവശ്യമായത്. ഇന്റർടെൽ ഇതിലും ഉയർന്ന മാനദണ്ഡമാണ് പിന്തുടരുന്നത്.
അഞ്ചു വയസിനുമുമ്പ് ഈ രണ്ടു സംഘടനകളിലും അംഗമായത് അർജുന്റെ നേട്ടങ്ങളുടെ പട്ടികയിലെ ശ്രദ്ധേയമായ അധ്യായമാണ്. പിന്നാലെയാണു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെയും അഭിനന്ദനങ്ങൾ ലഭിച്ചത്. ഹാർവാഡ് സർവകലാശാലയും മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സന്ദർശിക്കാനും അവസരം ലഭിച്ചു.
എന്നാൽ ഐക്യു സ്കോർ ഒരാളുടെ എല്ലാ കഴിവുകളുടെയും ഭാവിയുടെയും സമ്പൂർണ അളവുകോലല്ല. ബൗദ്ധികശേഷിക്കൊപ്പം വൈകാരികവളർച്ചയും സാമൂഹികബന്ധങ്ങളും സർഗാത്മകതയും സന്തോഷവും പ്രധാനമാണ്. അർജുന്റെ കാര്യത്തിൽ ഈ തിരിച്ചറിവ് മാതാപിതാക്കൾക്കുമുണ്ട്.
പുസ്തകങ്ങൾക്കപ്പുറവും കൗതുകങ്ങളുടെ ലോകം
ഗണിതശാസ്ത്രത്തോടും ശാസ്ത്രത്തോടുമുള്ള താത്പര്യം അർജുന്റെ പഠനത്തിന്റെ പ്രധാന സവിശേഷതയാണ്. അടിസ്ഥാന ഗണിതക്രിയകൾക്കു പുറമെ വർഗങ്ങൾ, ഘനങ്ങൾ, സംഖ്യ പാറ്റേണുകൾ, യുക്തിചിന്ത എന്നിവയിലും അവൻ താത്പര്യം കാണിക്കുന്നു. മുതിർന്ന കുട്ടികൾ പഠിക്കുന്ന അഞ്ചാം ക്ലാസ് നിലവാരത്തിലുള്ള ചില വിഷയങ്ങളും അന്വേഷിച്ചറിയുന്നുണ്ട്.
ഭൂമിയുടെ ആന്തരികഘടന മുതൽ അന്തരീക്ഷത്തിന്റെ വിവിധ പാളികൾ വരെ, ദിനോസറുകൾ മുതൽ ഗാലക്സികൾ വരെ, ജനിതകശാസ്ത്രം മുതൽ പ്രതിരോധശാസ്ത്രം വരെ അവന്റെ കൗതുകത്തിനു വിഷയങ്ങളുടെ അതിരുകളില്ല. നോർത്ത് വെസ്റ്റേൺ സർവകലാശാലയുടെ സെന്റർ ഫോർ ടാലന്റ് ഡെവലപ്മെന്റ് വഴി ഹ്യൂമൻ ഫിസിയോളജിയിലും സെൽ ബയോളജിയിലും പ്രത്യേക കോഴ്സുകളും പഠിക്കുന്നുണ്ട്. ആൽബർട്ട് ഐൻസ്റ്റീനും ഐസക് ന്യൂട്ടണുമാണ് പ്രിയപ്പെട്ട ശാസ്ത്രജ്ഞർ. ഗുരുത്വാകർഷണം, ചലനം, പ്രപഞ്ചം തുടങ്ങിയ വിഷയങ്ങളിലെ അവരുടെ കണ്ടെത്തലുകൾ അർജുനെ ഏറെ ആകർഷിക്കുന്നു.
പുസ്തകങ്ങളിൽനിന്നു ലഭിക്കുന്ന അറിവിൽ മാത്രം അവന്റെ അന്വേഷണം ഒതുങ്ങുന്നില്ല. കാറിൽ യാത്ര ചെയ്യുമ്പോൾ ഹൈവേയിലെ അടയാളങ്ങൾ, റോഡുകളുടെ പേരുകൾ, എക്സിറ്റ് നമ്പറുകൾ, വിവിധ പാതകൾ തമ്മിലുള്ള ബന്ധം എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കും. ജിപിഎസ് മാപ്പിൽ കുടുംബം സഞ്ചരിക്കുന്ന വഴിയും ചുറ്റുമുള്ള പ്രദേശങ്ങളും മനസിലാക്കാനും അവന് പ്രത്യേക മിടുക്കുണ്ട്. മറ്റൊരു കുട്ടിക്ക് വിരസത തോന്നാവുന്ന കാർയാത്ര പോലും അർജുന് പുതിയ കാര്യങ്ങൾ നിരീക്ഷിക്കാനും പഠിക്കാനുമുള്ള അവസരമാണ്. അവനെ സംബന്ധിച്ചിടത്തോളം ലോകം തുറന്നുകിടക്കുന്ന ഒരു പാഠപുസ്തകമാണ്.
ബാല്യത്തിനു സമ്മർദമില്ല
അർജുന്റെ കഴിവുകളിൽ മാതാപിതാക്കൾക്ക് അഭിമാനമുണ്ടെങ്കിലും അവനുമേൽ അമിതപ്രതീക്ഷകളുടെ ഭാരം അടിച്ചേൽപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഡോക്ടറോ ശാസ്ത്രജ്ഞനോ ആകണമെന്ന് നിർബന്ധവുമില്ല. “ഉയർന്ന ഐക്യു ഒരു കുട്ടിക്കും സമ്മർദമാകരുത്. കുട്ടിക്കാലവും സന്തോഷവുമാണ് ഏതു നേട്ടത്തേക്കാളും വലുത്'' എന്നാണ് അച്ഛൻ വിശാലിന്റെ നിലപാട്.
ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് കുട്ടികളെ പൂർണമായി അകറ്റുന്നതിനുപകരം വായനയ്ക്കും കളിക്കും സർഗാത്മകതയ്ക്കും ഒരുപോലെ ഇടം നൽകുകയാണ് മാതാപിതാക്കൾ. “ചിലപ്പോൾ കുട്ടിയെ വിരസത അനുഭവിക്കാൻ അനുവദിക്കുന്നതാണ് നല്ലത്. അതിൽനിന്നുപോലും പുതിയ കാര്യങ്ങൾ അന്വേഷിക്കാനുള്ള ജിജ്ഞാസ വളരും'' -അമ്മ മഹിത പറയുന്നു.
അർജുന്റെ ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ലെങ്കിൽ മാതാപിതാക്കൾ അത് തുറന്നുപറയും. “നമുക്ക് ഒന്നിച്ച് കണ്ടെത്താം'' എന്നതാണ് അവരുടെ മറുപടി. ശാസ്ത്രത്തിനും ഗണിതത്തിനുമൊപ്പം ഫ്രഞ്ചും സ്പാനിഷും പഠിക്കാനും ചിത്രം വരയ്ക്കാനും സംഗീതം ആസ്വദിക്കാനും അനുജത്തി ആദ്യ പ്രജാപതിയോടൊപ്പം കളിക്കാനും അർജുൻ സമയം കണ്ടെത്തുന്നു. ഐക്യുവിന്റെ അക്കങ്ങൾക്കപ്പുറം, അറിയാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അർജുന്റെ യഥാർഥ സവിശേഷത. പ്രപഞ്ചത്തോളം വളരുന്ന ചോദ്യങ്ങളുമായി മുന്നേറുമ്പോഴും ബാല്യത്തിന്റെ സന്തോഷം കൈവിടാത്ത ഒരു കുഞ്ഞുമനസ്!