ന്യൂഡൽഹി: 2025ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കായികരംഗത്തെ മികച്ച പ്രകടനത്തിനു നൽകുന്ന അർജുന അവാർഡിന് രണ്ടു മലയാളികളുൾപ്പെടെ 17 പേർ അർഹരായി. ബാഡ്മിന്റൺ താരമായ ട്രീസ ജോളിയും അത്ലറ്റിക്സ് താരമായ വി. മുഹമ്മദ് അജ്മലുമാണ് കേരളത്തിൽനിന്നുള്ള അർജുന അവാർഡ് ജേതാക്കൾ.
ചെസ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്മുഖും പുല്ലേല ഗോപീചന്ദിന്റെ മകളായ ബാഡ്മിൻന്റൺ താരം ഗായത്രി ഗോപീചന്ദും ഇന്ത്യൻ ചെസ് ഗ്രാൻഡ്മാസ്റ്ററായ വിദിത് ഗുജറാത്തിയും അർജുന അവാർഡിന് അർഹരായ 17 പേരിലുൾപ്പെടുന്നു.
2022 കോമൺവെൽത്ത് ഗെയിംസിൽ ഇരട്ടമെഡൽ നേടിയ ട്രീസ ജോളി, കണ്ണൂർ പുളിങ്ങോം സ്വദേശിയാണ്. ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ മത്സരിക്കാൻ തയാറെടുത്തിരിക്കെയാണ് ട്രീസയെത്തേടി പുരസ്കാര വാർത്തയെത്തിയത്.
ചാന്പ്യൻഷിപ്പിൽ ഡബിൾസിൽ മത്സരിക്കുന്ന ട്രീസയുടെ റാക്കറ്റ് പങ്കാളിയായ ഗായത്രി ഗോപീചന്ദിനും അർജുന ലഭിച്ചതോടെ സന്തോഷവും ഇരട്ടിയായി. ഇരുവരും രണ്ടാം റൗണ്ട് ജയിച്ച് ലോക ചാന്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
പാലക്കാട് ചെർപ്പുളശേരി സ്വദേശിയായ മുഹമ്മദ് അജ്മൽ 2023 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4x400 റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായി മെഡൽ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ തേജസ്വിൻ ശങ്കർ, പാരാലിന്പിക് താരം ഏക്ത ഭ്യാൻ, ഹോക്കി താരം രാജ്കുമാർ പാൽ, കബഡി താരങ്ങളായ പൂജ, സുർജീത് തുടങ്ങിയവരും അർജുനയ്ക്ക് അർഹരായി.
രാജ്യത്തെ ഏറ്റവും പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. 2014നുശേഷം ആദ്യമായാണ് ഖേൽരത്ന അവാർഡ് പ്രഖ്യാപിക്കാതിരിക്കുന്നത്. അതേസമയം, ഇതിഹാസ ഫുട്ബോൾ താരം ഐ. അരുമനായകത്തിന് അർജുന അവാർഡിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി. അത്ലറ്റിക്സ് കോച്ച് പർവീർ സിംഗ്, ബോക്സിംഗ് കോച്ച് ഛോട്ടെ ലാൽ യാദവ്, ഷൂട്ടിംഗ് കോച്ച് നേഹ നന്ദകുമാർ എന്നിവർ 2025ലെ ദ്രോണാചാര്യ അവാർഡിന് അർഹരായി.
സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ നിർദേശപ്രകാരമാണു സർക്കാർ പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്.