കൊച്ചി: വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം സിംഗിൾ ബെഞ്ച് വിധി പറയുന്നതുവരെ പൊളിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചെന്നൈ ആസ്ഥാനമായ പി.കെ. യുണീക് കമ്പനിയുടെ ഹർജിയിലാണ് നടപടി. കുറഞ്ഞ ടെൻഡർ തുക നൽകിയ തങ്ങളെ ഒഴിവാക്കിയെന്നാണ് കമ്പനിയുടെ വാദം.
ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ പൊളിക്കൽ പാടില്ലെന്നും അനുബന്ധ പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. 26 നിലയുള്ള രണ്ട് ടവറുകളാണ് പൊളിച്ച് നീക്കുന്നത്.
എഡിഫെയ്സ് എന്ന വിദേശ കമ്പനിയ്ക്കാണ് പൊളിക്കലിനുള്ള കരാർ നൽകിയത്. മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച കമ്പനിയാണ് എഡിഫെയ്സ്. ബി, സി’ ടവറുകൾ ബലക്ഷയത്തെ തുടർന്ന് പൊളിക്കുന്നത്. മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിലാകും ആർമി ടവറിലെ ഫ്ലാറ്റുകളും പൊളിക്കുക.