കേളകം: ബാങ്കിൽ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ സഹായിച്ചാൽ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് നാലു ലക്ഷം വാങ്ങി മുക്കുപണ്ടം നൽകി കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി ബൈസൺവാലി സ്വദേശി ബോബി ഫിലിപ്പിനെയാണ് കേളകം എസ്ഐ വർഗീസ് തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.
കേളകത്തെ വെളിയത്ത് ജ്വല്ലറിയിലെത്തിയ പ്രതി ഉടമ വിജയകുമാറിനോട് തന്റെ സ്വർണം ബാങ്കിൽ പണയത്തിലാണെന്നും തിരിച്ചെടുക്കാൻ സഹായിച്ചാൽ സ്വർണം ജ്വല്ലറിയിൽ വില്പന നടത്താമെന്നും ഉറപ്പു നൽകുകയായിരുന്നു. ഇതു പ്രകാരം വിജയകുമാറിനെയും കൂട്ടി പ്രതി ബാങ്കിലെത്തുകയും നാലു ലക്ഷം വാങ്ങുകയും ചെയ്തു. അൽപ സമയത്തിനു ശേഷം പണയ സ്വർണം തിരിച്ചെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് തന്റെ കൈവശമുണ്ടായിരുന്ന മുക്കുപണ്ടം കൈമാറുകയായിരുന്നു.
വിജയകുമാർ ജ്വല്ലറിയിലെത്തി സ്വർണം പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസിലായത്. ഉടൻ കേളകം പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി സമാന രീതിയിൽ മറ്റെവിടെയങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ, തട്ടിപ്പിനു പിന്നിൽ മറ്റാരെങ്കിലുമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.