മതത്തിന്റെയും അതിരുകളുടെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്റെ തിളക്കമുള്ളൊരു കാഴ്ച കറാച്ചിയിൽ നിന്ന് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്.
പാകിസ്ഥാനിലെ കറാച്ചി നഗരത്തിൽ വസിക്കുന്ന ഒരു മഹാരാഷ്ട്രീയൻ കുടുംബത്തിന്റെ കുടുംബക്ഷേത്രത്തിലേക്ക് വേണ്ടിയുള്ള ഗണപതി വിഗ്രഹം ഒരു മുസ്ലീം കലാകാരൻ ഏറെ ഭക്തിയോടും സൂക്ഷ്മതയോടും കൂടെ ചായം പൂശി മനോഹരമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.
കലയിലും നിർമ്മലമായ സ്നേഹത്തിലും മനുഷ്യർ ഒന്നാകുന്ന ഈ മുഹൂർത്തം വലിയ രീതിയിലുള്ള പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.കറാച്ചിയിലെ 'മഠ് മന്ദിർ' എന്ന ക്ഷേത്രത്തിന് വേണ്ടിയാണ് ഈ വിഗ്രഹം ഒരുങ്ങുന്നത്.
"ആര് ഹിന്ദു? ആര് മുസ്ലീം? ഗണപതി ഭഗവാന്റെ മഹിമയും കറാച്ചിയുടെ യഥാർഥ സൗന്ദര്യവും" എന്ന കുറിപ്പോടെ പുറത്തുവന്ന ദൃശ്യങ്ങൾ വിദ്വേഷങ്ങൾക്കപ്പുറം സഹവർത്തിത്വത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.
താൻ ചെയ്യുന്ന ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, വിഗ്രഹത്തിന് പൂർണത നൽകുന്ന കലാകാരന്റെ സമർപ്പണത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് ഒന്നര ലക്ഷത്തിലധികം ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്.
രാഷ്ട്രീയപരമായ തർക്കങ്ങൾ മാറ്റിനിർത്തിയാൽ മനുഷ്യരെയെല്ലാം കോർത്തിണക്കുന്നത് സ്നേഹമാണെന്ന് ഈ വീഡിയോ ഓർമ്മിപ്പിക്കുന്നതായി നെറ്റിസൺസ് കുറിക്കുന്നു.
വംശീയമോ മതപരമോ ആയ വേർതിരിവുകൾ ഇല്ലാതെ പരസ്പരം ബഹുമാനിക്കാനും സമാധാനത്തോടെ ജീവിക്കാനും സാധിച്ചിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായേനെ എന്ന് കമന്റ് ബോക്സുകളിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
വൻകരകളെയും ജനവിഭാഗങ്ങളെയും വേർതിരിക്കുന്ന അതിരുകൾക്കപ്പുറം കലയും ഭക്തിയും പരസ്പരബഹുമാനവും മനുഷ്യരെ എങ്ങനെ ഒന്നിച്ചുനിർത്തുന്നു എന്നതിന്റെ മനോഹരമായ ഉദാഹരണമായി ഈ സംഭവം മാറിക്കഴിഞ്ഞു.