ന്യൂഡല്‍ഹി: രാജ്യത്ത് അരിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വിപണിയിലെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും കൃത്രിമക്ഷാമവും തടയാനായി അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് പരിധി നിശ്ചയിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആറിന് നല്കിയ ഉത്തരവു പ്രകാരം സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്താന്‍ കേരളം കൂടാതെ ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്.
അനുമതിയുടെ കാലാവധി 2027 ജനുവരി 31 വരെയാണ്. വിലക്കയറ്റം നിയന്ത്രിച്ച് ന്യായവിലയില്‍ വിപണിയില്‍ അരിലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. സാഹചര്യങ്ങള്‍ വിലയിരുത്തി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. രാജ്യത്തുടനീളമുള്ള വ്യാപാരികള്‍, ചില്ലറവ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, സംസ്കരണ മില്ലുടമകള്‍ എന്നിവര്‍ തങ്ങളുടെ പക്കലുള്ള അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് വെളിപ്പെടുത്താനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
ഈ സ്റ്റോക്കുകള്‍ ആറ് വിഭാഗങ്ങളിലായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സ്റ്റോക്ക് പോര്‍ട്ടലില്‍ എല്ലാ വെള്ളിയാഴ്ചയും പുതുക്കണം. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ അവശ്യസാധന നിയമപ്രകാരം നടപടിയുണ്ടാകും.
സ്റ്റോക്ക് വിവരം മറച്ചുവയ്ക്കുകയോ അനുവദിച്ച പരിധി ലംഘിക്കുകയോ ചെയ്താല്‍ പിഴ ഉള്‍പ്പടെയുള്ള വലിയ നിയമനടപടികള്‍ നേരിടേണ്ടിവരും. അരിയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ ഭാരത് റൈസ് വില്പനയും കേന്ദ്രം ശക്തമാക്കുന്നുണ്ട്.
വിലക്കയറ്റത്തിനു കാരണം മഴ മുതല്‍ ഇ-20 പെട്രോള്‍ വരെ
അരിയുടെ വിലക്കയറ്റത്തിനു കാരണമായി പറയുന്നത് മഴയുടെ അഭാവവും അസമത്വവുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എഥനോള്‍ പെട്രോളില്‍ കലര്‍ത്തിയുള്ള ഇ-20 പെട്രോള്‍ നിര്‍മാണവും അരിക്ഷാമത്തിന് കാരണമാണെന്ന് ആരോപണങ്ങളുണ്ട്.
ഇന്ത്യയില്‍ എഥനോള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു ഏതാണ്ട് പൂര്‍ണമായും ഭക്ഷ്യധാന്യങ്ങളാണ്. കരിമ്പും ചോളവും കഴിഞ്ഞാല്‍ ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ബഫര്‍ സ്റ്റോക്കുകളില്നിന്നുള്ള അരിയാണ് എഥനോള്‍ നിര്‍മാണത്തിനായി എടുക്കുന്നത്.
സെപ്റ്റംബറില്‍ ചില്ലറവ്യാപരത്തിലെ അരിയുടെ വിലക്കയറ്റം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.25 ശതമാനമാണ് ഉയര്‍ന്നത്. ഓഗസ്റ്റില്‍ ഇത് 5.89 ശതമാനമായിരുന്നു. നിലവില്‍ ഒരു കിലോ അരിയുടെ ശരാശരി ചില്ലറവില ഏകദേശം 48.23 രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം 12 ശതമാനം കൂടുതലാണ്.
അതേസമയം, 2025-26ലെ അരി ഉത്പാദനം 154 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍, 2026-27 ലെ അരി ഉത്പാദനം ഏകദേശം 147 ദശലക്ഷം ടണ്ണായിരിക്കുമെന്ന് വ്യാപാരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.