കണ്ണൂർ: വിദ്യാർഥികളിൽ കലാ-സാംസ്കാരിക ബോധം വളർത്തിയെടുക്കണമെന്നും അല്ലെങ്കിൽ ലഹരി പോലുള്ള ആപത്തിലേക്ക് പോകാനിടയാകുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള ‘സര്‍ഗോത്സവം 2025’ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.എം.വിജിൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. കണ്ണൂർ കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷാ ദീപക്, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ജോയിന്റ് ഡയറക്ടർ കെ.എസ്. ശ്രീരേഖ, കണ്ണൂർ നോർത്ത് എഇഒ ഇബ്രാഹിം കുട്ടി രയരോത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സ്വാഗത സംഗീത ശില്പം അരങ്ങേറി.
സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്നു പ്രധാന വേദിയിലേക്ക് വര്‍ണാഭമായ ഘോഷയാത്രയും നടന്നു. ആദിവാസി പരമ്പരാഗത കലാരൂപങ്ങളുടെയും തുടിതാളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. നേരത്തേ കളക്ടറേറ്റ് മൈതാനിയിൽ കഴിഞ്ഞ വർഷത്തെ കലാതിലകം തിരുവനന്തപുരം ഞാറനീല സിബിഎസ്ഇ എംആർഎസ് വിദ്യാർഥിനി ബി. ദീപ്തി കൊടിയേറ്റിയതോടെയാണ് മേളയ്ക്ക് തുടക്കമായത്.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെയും 120 ഹോസ്റ്റലുകളിലെയും 1500ലധികം വിദ്യാര്‍ഥികളാണു പങ്കെടുക്കുന്നത്.
കളക്ടറേറ്റ് ഗ്രൗണ്ട്, മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ, മഹാത്മാ മന്ദിരം എന്നിവിടങ്ങളിലായുള്ള നാലു വേദികളിലായാണ് മൂന്നു ദിവസങ്ങളിലായി മത്സരം. മത്സരാർഥികൾക്ക് പട്ടികവർഗ വികസനവകുപ്പ് നഗരത്തിലെ രണ്ടു കിലോമീറ്റർ പരിധിക്കുള്ളിലായുള്ള ലോഡ്ജുകളിലാണ് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.