ചെന്നൈ: ജില്ലാ കളക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ കള്ളക്കുറിച്ചി എംഎൽഎ അരുള്‍ വിഗ്നേഷിനെ താക്കീത് ചെയ്ത് ടിവികെ. മന്ത്രി എന്‍. ആനന്ദിനെ കളക്ടറുടെ കുടുംബം പരാതി അറിയിച്ചിരുന്നു. മദ്യപിച്ച് രാത്രിയില്‍ കലക്ടറുടെ വീട്ടില്‍ എത്തിയെന്നും പരാതിയിലുണ്ട്.
ടിവികെ അച്ചടക്ക സമിതി വിഷയം പരിശോധിക്കും. അതേസമയം, ടിവികെ എംഎല്‍എ ആരോപണം നിഷേധിച്ചു. വനിത കളക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ചിട്ടില്ലെന്ന് അരുള്‍ വിഗ്നേഷ് വ്യക്തമാക്കി. വസ്തുതയില്ലാത്ത അപവാദപ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലയിലെ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് പകവീട്ടുകയാണെന്നും വിഗ്നേഷ് പറയുന്നു. അപവാദപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അരുള്‍ വിഗ്നേഷ് വ്യക്തമാക്കി.
ടിവികെ സര്‍ക്കാരിന് കീഴില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും കൊലപാതകങ്ങളും മോഷണങ്ങളുമടക്കം വര്‍ധിക്കുകയാണെന്നും വിഷയത്തില്‍ പ്രതികരിക്കവേ ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. ഈ ഭരണകൂടത്തിന് കീഴില്‍ ഒരു ജില്ലാ കളക്ടര്‍ക്ക് പോലും സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണെന്നും കനിമൊഴി വിമര്‍ശിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും കനിമൊഴി തേടി.