ബോളിവുഡിനെ തങ്ങളെ കാൽക്കീഴിലാക്കി അടക്കിഭരിച്ചിരുന്നു ഒരുകാലത്ത് മുംബൈ അധോലോക രാജാക്കന്മാർ. കൊല്ലപ്പെട്ടവരും തോക്കിൻമുനയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും നിരവധി. എന്നാൽ, മുംബൈ അധോലോകത്തെ ഗുണ്ടാസംഘങ്ങളുടെ ശക്തി ക്ഷയിക്കുകയും തകർന്നടിയുകയും ചെയ്തതോടെ, രണ്ടുപതിറ്റാണ്ടുകളായി വെടിയൊച്ചകൾ നിലച്ചിരുന്നു. ചിത്രങ്ങളുടെ വരുമാനത്തിൽനിന്നുള്ള പങ്ക് ആവശ്യപ്പെട്ടുള്ള അധോലോകത്തിന്റെ ഭീഷണിയിൽനിന്ന് ബോളിവുഡിന് അതൊരു വലിയ ആശ്വാസമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം യുവതാരം ടൈഗർ ഷ്രോഫിന്റെ കാറിനുനേരേ നടന്ന വെടിവയ്പോടെ മുംബൈ വീണ്ടും സംഘർഷഭരിതമാകുകയാണോ? മുംബൈയെ വിറപ്പിക്കാൻ ഉത്തരേന്ത്യൻ സംഘങ്ങൾ കടന്നുവരാൻ ശ്രമിക്കുകയാണോ?
ബോളിവുഡ് താരങ്ങളുടെ സുരക്ഷയെക്കുറിച്ചു വലിയ ആശങ്കകളാണ് ഈ അക്രമസംഭവം വീണ്ടും ഉയർത്തുന്നത്. ഒരു കാലത്ത് മുംബൈയെ വിറപ്പിച്ചിരുന്ന മാഫിയാഭരണം ഓർമിപ്പിക്കുന്നതാണ് പുതിയ സംഭവം. ടൈഗർ ഷ്രോഫ് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വെടിവയ്പിൽ രണ്ടുപേർക്കു പരിക്കേറ്റു. സംഭവത്തിനു തൊട്ടുപിന്നാലെ ബിഷ്ണോയ് സംഘം സോഷ്യൽ മീഡിയയിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രംഗത്തെത്തി.
1990-കളിലെ അധോലോക വേട്ടകൾ
1990-കളുടെ അവസാനവും 2000-ന്റെ തുടക്കവും ബോളിവുഡ് ഭയത്തിന്റെ കരിനിഴലിലായിരുന്നു. അക്കാലത്തു നടന്ന കൊലപാതകങ്ങളും ആക്രമണങ്ങളും ഇന്നും ബോളിവുഡിനെ ഞെട്ടിക്കുന്നതാണ്. ബോളിവുഡിനെ ഞെട്ടിക്കുന്നതായിരുന്നു നിർമാതാവ് മുകേഷ് ദുഗലിന്റെ (1997) കൊലപാതകം. ചിത്രങ്ങളുടെ ഫിനാൻസിംഗ്, വിദേശവിതരണം തുടങ്ങിയ തർക്കങ്ങളെത്തുടർന്ന് ദുഗലിനെ വെടിവച്ചു കൊല്ലുകയായിരുന്നു.
ബോളിവുഡ് ഹിറ്റ് സംവിധായകൻ രാജീവ് റായിക്കെതിരെയുണ്ടായ ആക്രമണം (1997). ടാർഡിയോയിലെ ഓഫീസിനു പുറത്തുവച്ച് ഛോട്ടാ ഷക്കീലിന്റെ ആളുകൾ റായിയെ ആക്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ തിരിച്ചടിച്ച് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. ടി-സീരീസ് സ്ഥാപകൻ ഗുൽഷൻ കുമാർ വധം (1997) ബോളിവുഡിനെ ഞെട്ടിച്ച സംഭവമാണ്. വെർസോവയിൽവച്ച് അബു സലീമിന്റെ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനും ഹൃത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷനുനേരേ 2000 ജനുവരി 22-നാണ് മുംബൈയിൽവച്ച് അധോലോകസംഘത്തിന്റെ വധശ്രമം ഉണ്ടായത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ 'കഹോ നാ പ്യാർ ഹേ' എന്ന ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ഞെട്ടിക്കുന്ന സംഭവം.
2001-ൽ നടി മനീഷ കൊയ്രാളയുടെ സെക്രട്ടറി അജിത് ദിവാനിയെ മാട്രിക്സ് സംഘം കൊലപ്പെടുത്തിയതും സംവിധായകൻ ലോറൻസ് ഡിസൂസയ്ക്കുനേരെയുണ്ടായ ആക്രമണവും മുംബൈയെ വിറപ്പിച്ചു. ഇതിനുപുറമെ, 'ലഗാൻ' സിനിമയുടെ വിജയത്തിനുശേഷം നടൻ ആമിർ ഖാനെയും സംവിധായകൻ അശുതോഷ് ഗവാരിക്കറെയും തട്ടിക്കൊണ്ടുപോകാൻ നടത്തിയ പദ്ധതികൾ പരാജയപ്പെടുത്തിയിരുന്നു.
അധോലോക സംഘങ്ങളുടെ തകർച്ച
അധോലോകത്തിന്റെ ഭീഷണികൾ തുടർക്കഥയായതോടെ, രാഷ്ട്രീയ നേതാക്കളുടെയും സിനിമാ മേഖലയുടെയും കടുത്ത സമ്മർദത്തെ തുടർന്ന് മുംബൈ പൊലിസ് അധോലോകത്തിനെതിരേ കർശന നടപടികൾ സ്വീകരിച്ചു. മുംബൈ പൊലിസിന്റെ ശക്തമായ എൻകൗണ്ടർ നയവും കർശന നിയമങ്ങളും അധോലോകത്തിന്റെ വേരറുത്തു. പ്രധാന തലവന്മാരെയെല്ലാം ഒന്നുകിൽ ജയിലിലടച്ചു അല്ലെങ്കിൽ വധിച്ചു. പോർച്ചുഗലിൽവച്ച് അബു സലിം പിടിയിലായി. 2015-ൽ ഇന്തോനേഷ്യയിൽനിന്നു പിടികൂടി ഇന്ത്യയിലെത്തിച്ച ഛോട്ടാ രാജൻ ജീവപര്യന്തം തടവ് അനുഭവിക്കുന്നു. അരുൺ ഗാവ്ലിയുടെയും ദാവൂദ് ഇബ്രാഹിമിന്റെയും സംഘങ്ങളുടെ പ്രവർത്തനങ്ങളും ഇതോടെ ഏതാണ്ടു പൂർണമായി നിലച്ചു.
2023 മുതൽ കാര്യങ്ങൾ വീണ്ടും മാറിമറിയുന്നു
2023 മുതൽ കാര്യങ്ങൾ വീണ്ടും മാറിമറിയുന്നതാണ് മുംബൈ കാണാൻ തുടങ്ങിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്ണോയിയുടെ സംഘം ബോളിവുഡ് താരം സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്കുനേരേ വെടിയുതിർത്തുകൊണ്ടു രംഗപ്രവേശം ചെയ്തു. തുടർന്ന് രാഷ്ട്രീയ നേതാവ് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് ബിഷ്ണോയി സംഘത്തിന്റെ മുംബൈയിലെ ചുവടുറപ്പിക്കലായി.
രോഹിത് ഷെട്ടി ഉൾപ്പെടെയുള്ള ചില പ്രമുഖർക്ക് അടുത്തിടെ നിരവധി ഭീഷണി കോളുകൾ ലഭിച്ചിരുന്നു. ടൈഗർ ഷ്രോഫിന്റെ കാറിനു നേരെ ഉണ്ടായ ആക്രമണം, പുതിയ ഡോണുകൾ മുംബൈ അധോലോകത്തിൽ ഉദയം കൊള്ളുകയാണ് എന്ന സൂചനയാണോ നൽകുന്നത്?