തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളുടെ മണ്ഡലപര്യടന സ്വീകരണ പരിപാടി തുടങ്ങി.
യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഇന്നലെ രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണം കോടംതുരുത്ത് വെസ്റ്റ്, എഴുപുന്ന, മണിയറ പാലം, പിഎസ് കവല, എഴുപുന്ന തെക്ക്, ചേരുങ്കൽ, വല്ലേത്തോട് തുടർന്ന് ഉച്ചകഴിഞ്ഞ് കുത്തിയതോട് വെസ്റ്റ് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദലീമ എരമല്ലൂര്‍ കാക്കത്തുരുത്തില്‍ ഗൃഹ സന്ദർശനത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പാണാവള്ളി, നാല്പത്തെണ്ണീശ്വരം, കുത്തിയതോട് തുടങ്ങിയ പ്രദേശങ്ങളിലെ മരണവീടുകളിലെത്തി ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. തുറവൂര്‍ സില്‍ക്കിലെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. എഴുപുന്നയിലെ വീടുകളില്‍ കയറി വോട്ടഭ്യര്‍ഥിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സ്വീകരണ പരിപാടിയുടെ ഭാഗമായി എരമല്ലൂർ, ചന്തിരൂർ, അരൂർ, അരൂക്കുറ്റി, വടുതല, പെരുമ്പളം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി.
എൻഡിഎ സ്ഥാനാർഥി ജ്യോതിഷ് ഇന്നലെ രാവിലെ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻചേരിയുടെ വീട് സന്ദർശിച്ച് ചർച്ച നടത്തി. തുടർന്ന് കരുമാഞ്ചേരി കവലയിലെ സ്ഥപനങ്ങളിൽ കയറി. വ്യവസായ കേന്ദ്രങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.