കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ആശിഷ് ബാനർജിയെ ബിർഭും ജില്ലയിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. രാംപുർഹട്ട് നഗരത്തിൽ അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലാണ് ഇന്ന് രാവിലെ മൃതദേഹം കാണപ്പെട്ടത്.
മൃതദേഹം കെട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും കൂടുതൽ പരിശോധനകൾക്കായി പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മരണവാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ വീടിനും പാർട്ടി ഓഫീസിനും മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്.
രാംപുർഹട്ട് മണ്ഡലത്തിൽ നിന്നും അഞ്ചുതവണ എംോഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മമത ബാനർജി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗാൾ സർക്കാരിൽ വിദ്യാഭ്യാസ, കൃഷി മന്ത്രി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ ധ്രുവ സാഹയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. മമത ബാനർജി ആദ്യമായി അധികാരത്തിൽ വന്നത് മുതൽ പാർട്ടിയിലെയും സർക്കാരിലെയും പ്രധാനിയായിരുന്നു ആശിഷ് ബാനർജി.