ന്യൂഡൽഹി: ഹൈദരാബാദിൽ നടക്കുന്ന ഭാരത് ഉച്ചകോടിയിലേക്ക് ഇന്ത്യാവിരുദ്ധ ശക്തികളെ കോൺഗ്രസ് ക്ഷണിച്ചുവെന്ന ആരോപണവുമായി ബിജെപി.
രാഹുൽഗാന്ധിയുടെ രാഷ്ട്രീയം എല്ലാ പരിധികളും മറികടന്ന് ദേശവിരുദ്ധ അജൻഡയിലേക്കു നീങ്ങുകയാണെന്ന് ബിജെപി ദേശീയ മീഡിയ കൺവീനർ ആശിഷ് ഉഷ അഗർവാൾ കുറ്റപ്പെടുത്തി.
ജോർജ് സോറോസുമായി ബന്ധമുള്ള മുൻ ഇക്വഡോർ മന്ത്രി ഗില്ലോം ലോംഗിനെയും ആംനസ്റ്റി ഇന്റർനാഷണൽ മുൻ സെക്രട്ടറി ജനറൽ സലിൽ ഷെട്ടിയെയും ഭാരത് ഉച്ചകോടിയിലേക്കു ക്ഷണിച്ചതിനെ അദ്ദേഹം കുറ്റപ്പെടുത്തി.
“ഗില്ലോം ലോംഗ് സിഇപിആറിൽ സീനിയർ റിസർച്ച് ഫെലോ ആണ്. 2021ൽ ജോർജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി പോളിസി സെന്ററിൽനിന്ന് സിഇപിആർ 420,000 ഡോളർ ഗ്രാന്റ് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യാവിരുദ്ധ അജൻഡയ്ക്ക് അന്താരാഷ്ട്ര പിന്തുണ തേടിയാണ് ഗില്ലോം ലോംഗിനെപ്പോലെയുള്ളവരെ ഉച്ചകോടിയിലേക്കു ക്ഷണിച്ചത്’’- അഗർവാൾ ആരോപിച്ചു.